വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിൽ പുതിയ പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ പ്രീമിയർ ഡേവിഡ് എബി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി രാഷ്ട്രീയ നിരീക്ഷകർ. ‘ഡിക്ലറേഷൻ ഓൺ ദി റൈറ്റ്‌സ് ഓഫ് ഇൻഡിജിനസ് പീപ്പിൾസ് ആക്ട്’ (DRIPA) എന്ന നിയമത്തിലെ ചില വകുപ്പുകൾ മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കമാണ് എബി സർക്കാരിനെ രാഷ്ട്രീയ വിവാദത്തിലേക്കെത്തിച്ചിരിക്കുന്നത്.
ഇൻഡിജിനസ് നേതാക്കളിൽ നിന്ന് എബിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സ്വന്തം പാർട്ടിയായ എൻഡിപിയിലെ എംഎൽഎയായ ജോവാൻ ഫിലിപ്പ് ഈ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. വെറും ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷമുള്ള സർക്കാരിന് ഈ വോട്ടെടുപ്പ് അതിനിർണ്ണായകമാണ്. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ സർക്കാരിന് അധികാരം നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഡിസംബറിലെ ഒരു കോടതി വിധിയെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് താൻ ഈ മാറ്റം കൊണ്ടുവരുന്നതെന്ന് എബി വ്യക്തമാക്കി. നിലവിലെ നിയമം മാറ്റമില്ലാതെ തുടർന്നാൽ എല്ലാ പ്രവിശ്യാ നിയമങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് വലിയ നിയമക്കുരുക്കുകൾക്ക് കാരണമാകുമെന്നും എബി ചൂണ്ടിക്കാട്ടി. എന്നാൽ, നിയമം പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കൺസർവേറ്റീവ് പാർട്ടിയെ സഹായിക്കുന്ന നീക്കമാണിതെന്നാണ് വിമർശകരുടെ ആരോപണം.
