Monday, April 13, 2026

ഹോര്‍മുസില്‍ ഉപരോധനീക്കം: വിപണികള്‍ ഇടിവില്‍; ക്രൂഡ് ഓയില്‍ 105 ഡോളറിനടുത്ത്

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണികളില്‍ കനത്ത തിരിച്ചടി. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഹോര്‍മുസ് കപ്പല്‍ച്ചാലിന് മേല്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതും ആഗോള സമ്പദ്വ്യവസ്ഥയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഹോര്‍മുസ് പാതയില്‍ ഉപരോധം പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കം എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില എട്ട് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 104 ഡോളറിന് മുകളിലെത്തി.

ഇന്ത്യന്‍ വിപണിയിലും ഈ ആഴ്ച കനത്ത ഇടിവോടെയായിരിക്കും വ്യാപാരം ആരംഭിക്കുകയെന്നാണ് സൂചനകള്‍. ഗിഫ്റ്റ് നിഫ്റ്റിയിലെ തകര്‍ച്ച സൂചിപ്പിക്കുന്നത് നിഫ്റ്റി ഇന്ന് 300 പോയിന്റിലധികം നഷ്ടത്തില്‍ തുടങ്ങിയേക്കാം എന്നാണ്. വിദേശ വിപണികളിലും സമാനമായ ഇടിവ് പ്രകടമാണ്. യുഎസ് ഫ്യൂച്ചേഴ്‌സ് ഒരു ശതമാനത്തിലധികം താഴ്ന്നപ്പോള്‍ ഏഷ്യന്‍ വിപണികളായ നിക്കൈ, കോസ്പി എന്നിവയും നഷ്ടത്തിലാണ്. അതേസമയം, മാര്‍ച്ചിലെ ചില്ലറ വിലക്കയറ്റ നിരക്ക് ഇന്ന് പുറത്തുവരാനിരിക്കെ, നാണയപ്പെരുപ്പം 3.48 ശതമാനമായി വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം മൂലമുള്ള ഇന്ധനവില വര്‍ധന ആഗോളതലത്തില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

യുദ്ധവിരാമത്തിലെ ആശങ്കകള്‍ വെള്ളിയാഴ്ച യുഎസ് വിപണികളെ താഴ്ത്തി. നാസ്ഡാക് മാത്രം നേട്ടം ഉണ്ടാക്കി. എങ്കിലും ആഴ്ചയില്‍ പ്രധാന സൂചികകള്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഡൗ മൂന്നും എസ് ആന്‍ഡ് പി മൂന്നരയും നാസ്ഡാക് നാലും ശതമാനം പ്രതിവാര നേട്ടം ഉണ്ടാക്കി. ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 269.23 പോയിന്റ് (0.56%) താഴ്ന്നു 47,916.57 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 7.77 പോയിന്റ് (0.11%) നഷ്ടത്തോടെ 6816.89 ല്‍ അവസാനിച്ചു. നാസ്ഡാക് 80.48 പോയിന്റ് (0.35%) നേട്ടത്തോടെ 22,902.89 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് കുത്തനേ താഴ്ന്നു. ഡൗ ജോണ്‍സ് 500 പോയിന്റും (1.07%) എസ് ആന്‍ഡ് പി 70 പോയിന്റും (1.02%) നാസ്ഡാക് 265 പോയിന്റും (1.05%) താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ 0.85 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി 1.83 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ സൂചിക 0.60 ശതമാനം താഴെയാണ്. ഹോങ് കോങ്, ചൈനീസ് വിപണികള്‍ 0.50 ശതമാനത്തിലധികം താഴ്ന്നു വ്യാപാരം തുടങ്ങി.

വാരാന്ത്യത്തിലേക്കു താഴ്ന്നു നിന്ന യുഎസ് ഡോളര്‍ സൂചിക ഇന്നു കയറ്റത്തിലാണ്. വെള്ളിയാഴ്ച താഴ്ന്ന് 98.65 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.18 ലേക്കു കയറിയിട്ടു 99.06 ലേക്കു താഴ്ന്നു. യൂറോ 1.1684 ഡോളറിലേക്കും പൗണ്ട് 1.3397 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 159.75 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.83 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.359 ശതമാനമായി ഉയര്‍ന്നു. യുദ്ധം വിലക്കയറ്റം വര്‍ധിപ്പിക്കും എന്ന ഭീതിയിലാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!