Tuesday, April 14, 2026

വാക്സിൻ ഇളവ് നിഷേധിച്ചു; എയർ കാനഡ പൈലറ്റുമാർക്ക് കുടിശ്ശികയുള്ള ശമ്പളം നൽകണം

ഓട്ടവ: കോവിഡ് വാക്സിൻ നിബന്ധനകളിൽ നിന്ന് മതപരമായ ഇളവ് നിഷേധിക്കപ്പെട്ട ഏഴ് പൈലറ്റുമാർക്ക് കുടിശ്ശികയുള്ള ശമ്പളം നൽകാൻ എയർ കാനഡയോട് ആർബിട്രേറ്ററുടെ ഉത്തരവ്. കമ്പനിയുടെ നിർബന്ധിത വാക്സിനേഷൻ പോളിസിയിൽ നിന്ന് ഇളവ് തേടിയ പൈലറ്റുമാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചത് കനേഡിയൻ മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്നാണ്‌ ആർബിട്രേറ്റർ ജെയിംസ് ഹെയ്‌സിൻ്റെ നിരീക്ഷണം.
കോവിഡ് കാലത്ത് ജീവനക്കാർക്കായി എയർ കാനഡ നിർബന്ധിത വാക്സിനേഷൻ നയം നടപ്പിലാക്കിയിരുന്നു. മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നവർ ഒരു മതനേതാവിന്റെ കത്ത് ഹാജരാക്കണമെന്നായിരുന്നു കമ്പനിയുടെ നിബന്ധന. എന്നാൽ പരാതിക്കാരായ ഏഴ് ക്രിസ്ത്യൻ മതവിഭാഗത്തിൽ ഉൾപ്പെട്ട പൈലറ്റുമാർ ഇത്തരം കത്തുകൾ ഹാജരാക്കിയിരുന്നില്ല. തുടർന്ന്‌ അവരുടെ അപേക്ഷ നിരസിക്കുകയും ശമ്പളമില്ലാത്ത അവധിയിലേക്ക് മാറ്റുകയും ചെയ്തു. പൈലറ്റുമാർ മതനേതാക്കളുടെ കത്ത് ഹാജരാക്കിയില്ലെങ്കിലും, അവരുടെ അപേക്ഷകൾ ആത്മാർത്ഥമായ മതവിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് ആർബിട്രേറ്റർ വിലയിരുത്തി.

ഇത്തരമൊരു ഇളവ് നൽകാൻ ഔദ്യോഗിക മതനേതാക്കളുടെ സാക്ഷ്യപത്രം വേണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു. സമാനമായ ഇളവുകൾ ലഭിച്ച മറ്റ് പൈലറ്റുമാർക്ക് ആറ് മാസത്തിലധികം ശമ്പളത്തോടു കൂടിയ അവധി നൽകിയപ്പോൾ, ഈ ഏഴ് പൈലറ്റുമാർക്ക് അത് നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. 2021 ഒക്ടോബർ അവസാനം മുതൽ 2022 മെയ് ആദ്യം വരെയുള്ള കാലയളവിലെ ശമ്പള കുടിശ്ശിക പൈലറ്റുമാർക്ക് നൽകാനാണ് ഉത്തരവ്. 2022 മെയ് മാസത്തിന് ശേഷം ഇളവ് ലഭിച്ച എല്ലാ പൈലറ്റുമാരെയും ആനുകൂല്യങ്ങളോടെയുള്ള ശമ്പളമില്ലാത്ത അവധിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിമാനക്കമ്പനികൾ നേരിട്ട നിയമപരമായ വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!