ടൊറന്റോ: കാനഡയിലെ വിവിധ നഗരങ്ങളിൽ നടന്ന വെടിവെപ്പുകളിലും കൊലപാതകങ്ങളിലും ഉപയോഗിച്ച തോക്കുകൾ അതിർത്തി കടത്തി എത്തിച്ച കേസിൽ ഫ്ലോറിഡ സ്വദേശിയായ മുൻ ട്രക്ക് ഡ്രൈവർക്ക് യുഎസ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. 35-കാരനായ എർഹാൻ ജോൺ എർ ആണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾ കടത്തിയ തോക്കുകൾ ഒന്റാരിയോയിലെയും കെബെക്കിലെയും പത്തോളം കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. അമേരിക്കയിൽ നിന്ന് നിയമപരമായി വാങ്ങുന്ന തോക്കുകൾ കാനഡയിലെത്തിച്ച് മറിച്ചുവിൽക്കുന്ന വലിയൊരു മാഫിയാ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഓരോ തോക്കിനും അതിന്റെ വിലയ്ക്ക് പുറമെ 1,000 ഡോളർ (ഏകദേശം 83,000 രൂപ) വീതം പ്രതിഫലം വാങ്ങിയാണ് എർഹാൻ തോക്കുകൾ കാനഡയിലേക്ക് കടത്തിയത്. 2022-ൽ മാത്രം ഇയാൾ 28 തോക്കുകൾ ഇത്തരത്തിൽ കടത്തിയതായാണ് വിവരം. ഇതിൽ 18 എണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

2024 ജൂണിൽ ഹാമിൽട്ടണിൽ വെച്ച് ടൊബെന്ന ഒബിയാഗ എന്ന വ്യക്തി കൊല്ലപ്പെട്ട കേസിൽ ഉപയോഗിച്ച ഗ്ലോക്ക് 49 തോക്ക് എർഹാൻ കടത്തിയതാണെന്ന് കണ്ടെത്തി. 2024 നവംബറിൽ ടൊറന്റോയിലെ ഒരു മ്യൂസിക് സ്റ്റുഡിയോക്ക് പുറത്തുണ്ടായ സംഘർഷത്തിൽ നൂറോളം റൗണ്ട് വെടിയുണ്ടകൾ ഉതിർക്കപ്പെട്ടിരുന്നു. ഇതിൽ ഉപയോഗിച്ച ആയുധവും ഇതേ ശൃംഖലയിലൂടെ എത്തിയതാണ്. കെബെക്കിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഗ്ലോക്ക് 45 തോക്കും അമേരിക്കയിൽ നിന്ന് ഇയാൾ കടത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിടിക്കപ്പെടാതിരിക്കാൻ തോക്കുകളിലെ സീരിയൽ നമ്പറുകൾ ഗ്രൈൻഡിംഗ് മെഷീൻ ഉപയോഗിച്ച് മായ്ച്ചു കളയുകയായിരുന്നു പ്രതിയുടെ രീതി. എന്നാൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഈ നമ്പറുകൾ പുനഃസ്ഥാപിച്ചതോടെയാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്. ഫ്ലോറിഡയിലെ ഇയാളുടെ ഗോഡൗണിൽ നിന്ന് തോക്കുകൾ മായ്ക്കാൻ ഉപയോഗിച്ച യന്ത്രവും പണമിടപാടുകൾ രേഖപ്പെടുത്തിയ ഡയറിയും പോലീസ് പിടിച്ചെടുത്തു. ടൊറന്റോയിൽ താമസിച്ചിരുന്ന എർഹാന് കാനഡയിലുള്ള ആരുമായാണ് ബന്ധമെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ ഇയാളുടെ കാനഡയിലെ പ്രധാന സഹായിയെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കാനഡയിൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന തോക്കുകളിൽ 86 ശതമാനവും അമേരിക്കയിൽ നിന്ന് അനധികൃതമായി എത്തുന്നതാണെന്ന് ടൊറന്റോ പോലീസ് വ്യക്തമാക്കി.
