വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ഇൻഡിജിനസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘ഡിക്ലറേഷൻ ഓൺ ദ റൈറ്റ്സ് ഓഫ് ഇൻഡിജീനിയസ് പീപ്പിൾസ് ആക്ട്’ (DRIPA) ഭാഗികമായി മരവിപ്പിക്കാനുള്ള നിയമനിർമ്മാണവുമായി പ്രീമിയർ ഡേവിഡ് എബിയുടെ സർക്കാർ മുന്നോട്ട്. ഇതിനായുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രവിശ്യയിലെ ധാതു ഖനന അവകാശങ്ങളുമായി ബന്ധപ്പെട്ട കോടതി വിധി സൃഷ്ടിച്ച നിയമപരമായ അനിശ്ചിതത്വം മറികടക്കാനാണ് ഒരു വർഷത്തേക്ക് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ നിർത്തിവെക്കുന്നത്. ഈ കാലാവധി ഭാവിയിൽ നീട്ടാനുള്ള അധികാരം സർക്കാരിന് നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ഈ നീക്കത്തിനെതിരെ ഇൻഡിജിനസ് കമ്മ്യൂണിറ്റി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. 2019-ൽ ഏകകണ്ഠമായി പാസാക്കിയ നിയമം ഏകപക്ഷീയമായി മാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഫസ്റ്റ് നേഷൻസ് ലീഡർഷിപ്പ് കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തു. സർക്കാരിന്റെ അപ്പീൽ നടപടികൾ പിൻവലിക്കണമെന്നും, തദ്ദേശീയ അവകാശങ്ങൾ ഹനിക്കുന്ന ബില്ലിൽ നിന്ന് പിന്മാറണമെന്നുമാണ് നേതാക്കളുടെ ആവശ്യം. നിയമം പൂർണ്ണമായി നടപ്പിലാക്കുന്നത് പ്രവിശ്യയെ വലിയ നിയമക്കുരുക്കിലാക്കുമെന്ന സർക്കാർ വാദത്തെ കമ്മ്യൂണിറ്റി തള്ളിക്കളഞ്ഞു.

നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള എബി സർക്കാരിന് ഈ ബിൽ പാസാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കോടതി വിധി പൂർണ്ണമായി നടപ്പിലാക്കുന്നത് പ്രവിശ്യയെ വലിയ നിയമക്കുരുക്കിലാക്കുമെന്നാണ് സർക്കാരിന്റെ വാദം. കൂടാതെ പ്രവിശ്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഈ നിയമഭേദഗതി അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്.
