ഓട്ടവ: നഗരത്തിൽ സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ശിശുപരിപാലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പ്രതിഷേധങ്ങൾ നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമപരിഷ്കാരവുമായി സിറ്റി കൗൺസിൽ. ‘സേഫ് ആക്സസ് ടു സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ’ എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരും. ഈ സ്ഥാപനങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ നടത്തുന്നതിനോ ആളുകളെ തടയുന്നതിനോ അമിത ശബ്ദമുണ്ടാക്കുന്നതിനോ ഇനി അനുവാദമുണ്ടായിരിക്കില്ല.
ഈ തീരുമാനത്തെ ചൊല്ലി കൗൺസിലിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടായി. തീവ്രവാദവും അക്രമവും വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥാപനങ്ങളെ സുരക്ഷിതമാക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് മേയർ മാർക്ക് സറ്റ്ക്ലിഫ് പറഞ്ഞു. എന്നാൽ, ഇത് ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് തുല്യമാണെന്നും, പ്രതിഷേധങ്ങൾ തടയാൻ നിലവിൽ തന്നെ നിയമങ്ങൾ ഉണ്ടെന്നും മറ്റ് കൗൺസിലർമാർ വാദിച്ചു. തൊഴിൽ സമരങ്ങളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ നിയമമനുസരിച്ച്, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകൾക്ക് സിറ്റി അധികാരികളിൽ അപേക്ഷ നൽകി ‘സേഫ് ആക്സസ് സോൺ’ സ്ഥാപിക്കാം. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമയത്തും അതിന് ഒരു മണിക്കൂർ മുൻപും ശേഷവും ഈ നിയമം ബാധകമായിരിക്കും. ഇത്തരം സുരക്ഷിത മേഖലകളുടെ പട്ടിക നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
