Thursday, April 30, 2026

മുൻ മന്ത്രി ജോനാഥൻ വിൽക്കിൻസൺ കാനഡയുടെ അടുത്ത യൂറോപ്യൻ യൂണിയൻ അംബാസഡർ

ഓട്ടവ: യൂറോപ്യൻ യൂണിയനിലെ (EU) കാനഡയുടെ അടുത്ത അംബാസഡറായി മുൻ കാബിനറ്റ് മന്ത്രിയും എം.പിയുമായ ജോനാഥൻ വിൽക്കിൻസൺ ചുമതലയേൽക്കും. പ്രധാനമന്ത്രി മാർക്ക് കാർണിയാണ്‌ സുപ്രധാനമായ പദവി പ്രഖ്യാപിച്ചത്‌. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച കാർണി മന്ത്രിസഭയിൽ വിൽക്കിൻസണ് ഇടം നേടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ പരിസ്ഥിതി, പ്രകൃതിവിഭവം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത വിൽക്കിൻസൺ, ഒരു സംരംഭകൻ കൂടിയാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് രംഗത്തെയും രാഷ്ട്രീയത്തിലെയും പരിചയം അറ്റ്‌ലാന്റിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക വളർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2015 മുതൽ നോർത്ത് വൻകൂവർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിൽക്കിൻസൺ, എം.പി സ്ഥാനം രാജിവെക്കുന്നത് ഏറെ വൈകാരികമായ അനുഭവമാണെന്ന്‌ പറഞ്ഞു.

ലോകം മാറിവരുന്ന സാഹചര്യത്തിൽ കാനഡ ഇപ്പോൾ നേരിടുന്ന സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ഈ പുതിയ ചുമത ലയിലൂടെ രാജ്യത്തിന് മികച്ച സംഭാവന നൽകാൻ കഴിയുമെന്ന് വിശ്വസിക്കു ന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. 2020 മുതൽ 2025 അവസാനം വരെ സേവനമനുഷ്ഠിച്ച ഐലിഷ് കാംപ്ബെല്ലിന് പകരമാണ് വിൽക്കിൻസൺ ഈ പദവിയിലെത്തുന്നത്. ഈ വർഷം വേനൽക്കാലത്തോടെ അദ്ദേഹം ചുമതലയേൽക്കും. വിൽക്കിൻസൺ എം.പി സ്ഥാനം രാജിവെക്കുന്നതോടെ പാർലമെന്റിൽ മാർക്ക് കാർണി സർക്കാരിന്റെ ഭൂരിപക്ഷത്തിൽ ഒരു സീറ്റിന്റെ കുറവുണ്ടാകും. നിലവിൽ 172 സീറ്റുകളാണ് ലിബറലുകൾക്കുള്ളത്. പ്രതിപക്ഷത്തിന് ആകെ 169 സീറ്റുകളാണുള്ളത്. വിൽക്കിൻസന്റെ നോർത്ത് വാ ൻകൂവർ-കാപ്പിലാനോ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമായിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!