Thursday, April 30, 2026

മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ; തീരുമാനം ഇറാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍

അബുദാബി: ഇറാന്‍, ഇറാഖ്, ലബനന്‍ എന്നീ രാജ്യങ്ങളിലേക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് യുഎഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ ഈ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് എത്രയും വേഗം തിരികെ വരാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് സഹായത്തിനായി +971 800 44444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇറാന്‍-ഇസ്രയേല്‍-അമേരിക്ക തര്‍ക്കത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ പടര്‍ന്നിരിക്കുന്ന അശാന്തിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് യുഎഇയെ നയിച്ചത്. ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണങ്ങള്‍ക്ക് പിന്നാലെ, തിരിച്ചടിയെന്നോണം ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, ഇറാനുമായുള്ള യുദ്ധം പുനരാരംഭിച്ചേക്കാമെന്ന ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും ആവര്‍ത്തിച്ചു. ഒരു നയതന്ത്ര ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവിടുത്തെ ഭരണനേതൃത്വത്തിനിടയിലെ ആശയക്കുഴപ്പങ്ങള്‍ പരിഹാരത്തിന് തടസ്സമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍, അമേരിക്കയുടെ നാവിക ഉപരോധം ഒരു നേരിട്ടുള്ള സൈനിക നടപടിയാണെന്നും അത് ഇനിയും ക്ഷമിക്കാനാവില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തിരിച്ചടിച്ചു. ഇറാന്റെ സംയമനം അവസാനിച്ചുവെന്നും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതോടെ മേഖലയിലെ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!