Saturday, May 2, 2026

ഇന്ത്യന്‍ വംശജരുടെ പങ്കാളികള്‍ക്കും ഇനി ഒസിഐ കാര്‍ഡ്; ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന ഭേദഗതികള്‍ വരുത്തി. രജിസ്ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതോടൊപ്പം സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികള്‍ക്കും ഇനി മുതല്‍ ഒസിഐ കാര്‍ഡിനായി അപേക്ഷിക്കാമെന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികള്‍ക്ക് ഒസിഐ കാര്‍ഡ് ലഭിക്കുന്നതിന് വിവാഹം കഴിഞ്ഞ് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തിയായിരിക്കണം. വിവാഹബന്ധം നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മുന്‍പ് നിലനിന്നിരുന്ന പി.ഐ.ഒ (PIO), ഒ.സി.ഐ കാര്‍ഡുകളുടെ ലയനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും ആജീവനാന്ത വിസ ലഭിക്കുമെങ്കിലും ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.

ഗവേഷണങ്ങള്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍, പര്‍വതാരോഹണം, നിരോധിത അല്ലെങ്കില്‍ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനോ സുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെയോ, തെറ്റായ വിവരങ്ങള്‍ നല്‍കി കാര്‍ഡ് കൈക്കലാക്കിയവരുടെയോ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് പുതിയ നിയമപ്രകാരം കൂടുതല്‍ അധികാരം ലഭിക്കും. എന്നാല്‍ നടപടി എടുക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട വ്യക്തിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കും.

വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ വഴിയോ ഇന്ത്യയിലുള്ള ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (FRRO) വഴിയോ ഒസിഐ കാര്‍ഡിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. പുതിയ വിജ്ഞാപനം വരുന്നതോടെ പ്രവാസികള്‍ അപേക്ഷാ നടപടികളില്‍ നേരിട്ടിരുന്ന സംശയങ്ങള്‍ക്കും കാലതാമസത്തിനും പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!