Monday, May 4, 2026

ടിവികെയ്ക്ക് മുന്നിൽ കാലിടറി എം കെ സ്റ്റാലിൻ; തമിഴ്‌നാട് മുഖ്യന് തിരഞ്ഞെടുപ്പിൽ വൻപരാജയം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ശക്തികേന്ദ്രമായ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വൻ പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ ഞെട്ടിപ്പിച്ചിരിക്കുകയാണ്‌. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎൽഎയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരി ക്കുമ്പോൾ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെത്തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയിൽ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോൾ നിയമസഭയിലേക്ക് എത്തുന്നത്. ബാബു 82000 വോട്ടുകൾ നേടിയപ്പോൾ 2011 മുതൽ മണ്ഡലം കൈവശം വച്ചിരുന്ന സ്റ്റാലിന് 72000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എഐഎഡിഎംകെയുടെ ആർ ശാന്തനകൃഷ്ണൻ 14000 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 2021ൽ എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ വിജയിച്ചത്.

അതേസമയം തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തി ലേറുമെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 234 സീറ്റുകളിൽ 108 സീറ്റുകളിൽ ടി വി കെ സ്ഥാനാർഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. ഡി എം കെ 60 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ എ ഐ എ ഡി എംകെ 65 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ടി വി കെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡി എം കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീ ക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡി എം കെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ കാണാനാവുന്നത്. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോൾ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളിൽ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!