ന്യൂഡല്‍ഹി: ബംഗാള്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ ഭരണമാറ്റത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുറത്തുവരുന്ന ഫലസൂചനകള്‍ പ്രകാരം നിലവിലെ ഭരണകൂടങ്ങള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ അപ്രതീക്ഷിത പതനമാണ് രാഷ്ട്രീയ ലോകത്തെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചിരിക്കുന്നത്. കേരളത്തിലും ബംഗാളിലും കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും തമിഴ്‌നാട്ടിലെ ഭരണവിരുദ്ധ തരംഗം അപ്രവചനീയമായിരുന്നു.
കേരളത്തില്‍ നൂറ് സീറ്റുകള്‍ എന്ന ലക്ഷ്യം കൃത്യമായി മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിച്ച യുഡിഎഫിന് ജനങ്ങള്‍ കൈയയച്ച് പിന്തുണ നല്‍കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാരിലെ 12 മന്ത്രിമാരും തോല്‍വിയുടെ വക്കിലാണ്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ധര്‍മ്മടത്ത് പിന്നിലായത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി. യുഡിഎഫിന്റെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും വ്യക്തമായ ആസൂത്രണവുമാണ് ഈ വന്‍ വിജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പശ്ചിമ ബംഗാളിലും ഒന്നര പതിറ്റാണ്ട് നീണ്ട മമത ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യമാകുന്നതായാണ് സൂചനകള്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ട് ബിജെപി കേവല ഭൂരിപക്ഷം കടന്ന് കുതിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകള്‍ പോലും ഇത്തവണ ടിഎംസിക്ക് രക്ഷയാകാത്ത സാഹചര്യമാണ് ബംഗാളിലുള്ളത്. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്ന ബംഗാളില്‍, ബിജെപിയുടെ പടിപടിയായുള്ള വളര്‍ച്ച അധികാരത്തിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്
