Saturday, August 15, 2026

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം; മരണം 38 ആയി

ജക്കാർത്ത: ഇന്തോനേഷ്യയെ വിറപ്പിച്ച് വീണ്ടും ഭൂചലനം. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ വടക്കൻ സുമാത്രയിലും 6.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ആകെ മരിച്ചവരുടെ എണ്ണം 38 കടന്നു.

ശനിയാഴ്ച പുലർച്ചെയാണ് ഫ്ലോറസ് ദ്വീപിന് സമീപം 7.7 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നു. മണ്ണിടിച്ചിലുകൾ ഉണ്ടായതോടെ പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

മൗമെരെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. വൈദ്യുതി മുടക്കവും ആശയവിനിമയ സംവിധാനങ്ങളുടെ തകരാറും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ചില പ്രദേശങ്ങളിൽ ചെറിയ സുനാമി തിരകൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ഫ്ലോറസ് മേഖലയിൽ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിന്റെ പൂർണമായ നാശനഷ്ടം ഇപ്പോഴും വിലയിരുത്തിവരികയാണ്. പസഫിക് ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാൽ രാജ്യം ശക്തമായ ഭൂകമ്പങ്ങൾക്ക് ഏറെ സാധ്യതയുള്ള പ്രദേശമാണ്. ഇപ്പോഴത്തെ ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!