Tuesday, May 5, 2026

മുഖ്യമന്ത്രി ആരാകും?; എഐസിസി നിരീക്ഷകര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്തെത്തും. നിയുക്ത എംഎല്‍എമാരെ നേരില്‍ കണ്ട് അഭിപ്രായം തേടുന്ന നിരീക്ഷകര്‍, നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കും. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കള്‍ക്കായി അനുകൂല തരംഗങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂരില്‍ ഉള്‍പ്പെടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ, വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ടോടെ ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തും.

മറുഭാഗത്ത്, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. മുന്നണി മാറ്റം സംബന്ധിച്ച കൃത്യമായ തീരുമാനമെടുക്കാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. മുന്നണി മാറുന്നതിനെ എതിര്‍ത്തവര്‍ക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ തര്‍ക്കങ്ങള്‍ക്കിടെ പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും പി.ജെ. ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.

ശനിയാഴ്ച ചേരുന്ന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാജയഭീതിയും അണികളുടെ അതൃപ്തിയും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ യുഡിഎഫിലും കേരള കോണ്‍ഗ്രസിലും നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!