Tuesday, May 5, 2026

മുൻ ഗവർണർ ജനറൽമാർക്കായി കാനഡ ചിലവാക്കിയത് 5.5 ലക്ഷം ഡോളർ; കണക്കുകളിൽ സുതാര്യത വേണമെന്ന് കാർണി

ഒട്ടാവ: കഴിഞ്ഞ സാമ്പത്തിക വർഷം കാനഡയിലെ അഞ്ച് മുൻ ഗവർണർ ജനറൽമാർ ചേർന്ന് ഏകദേശം 5,54,000 ഡോളർ സർക്കാർ ഫണ്ടിൽ നിന്ന് കൈപ്പറ്റിയതായി റിപ്പോർട്ട്. ഈ പണം എന്തിനുവേണ്ടിയാണ് ചിലവാക്കിയതെന്ന് വെളിപ്പെടുത്താത്ത പശ്ചാത്തലത്തിൽ, പദ്ധതിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കാനഡയുടെ പുതിയ ഗവർണർ ജനറലായി മുൻ സുപ്രീം കോടതി ജസ്റ്റിസ് ലൂയിസ് ആർബറിനെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിലപാ‌ട്‌ വ്യക്തമാക്കിയത്‌. 1979-ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം, ഓരോ മുൻ ഗവർണർ ജനറലിനും അവരുടെ പെൻഷന് പുറമെ പ്രതിവർഷം 2,06,040 ഡോളർ വരെ ചിലവുകൾക്കായി ക്ലെയിം ചെയ്യാം. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഈ തുക അനുവദിക്കുന്നത്. ആർക്കൊക്കെ എത്ര തുക നൽകി എന്നോ, അത് എന്തിനാണ് ചിലവാക്കിയതെന്നോ ഉള്ള വിവരങ്ങൾ ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയായ റിഡോ ഹാൾവെളിപ്പെടുത്തിയിട്ടില്ല.

പദ്ധതിയുടെ സുതാര്യതയെക്കുറിച്ച് പഠിച്ച്‌ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഉറപ്പുനൽകി. അതേസമയം, വിരമിച്ച ശേഷവും സന്നദ്ധ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ സേവിക്കുന്ന മുൻ ഗവർണർ ജനറൽമാരുടെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 2019-ൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ പദ്ധതിയെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ചിലവാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം വേണമെന്ന് അന്ന് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ മാറ്റമൊന്നും നടപ്പിലാക്കിയിട്ടില്ല. മുൻ ഗവർണർ ജനറൽ അഡ്രിയാൻ ക്ലാർക്സൺ വിരമിച്ച ശേഷം 11 ലക്ഷം ഡോളറിലധികം കൈപ്പറ്റിയത് നേരത്തെ വലിയ വിവാദമായിരുന്നു. നിലവിൽ ലൂയിസ് ആർബറിന്റെ നിയമനത്തോടെ ഈ പദവിയിലേക്ക് പുതിയൊരാൾ കൂടി എത്തുമ്പോൾ, വിരമിച്ചവരുടെ ആനുകൂല്യങ്ങളിൽ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!