ഓട്ടവ: കാനഡയിൽ ജോലി ചെയ്യുന്ന താൽക്കാലിക താമസക്കാരെ സ്ഥിരതാമസക്കാരാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതികളുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് ഫെഡറൽ ഗവൺമെന്റ്. 2025 നവംബറിലെ ബജറ്റിൽ പ്രഖ്യാപിച്ച ‘ഇൻ-കാനഡ വർക്കേഴ്സ് ഇനിഷ്യേറ്റീവ്’പ്രകാരം 33,000 പേർക്ക് സ്ഥിരതാമസം നൽകാനാണ് ലക്ഷ്യം. അതേ സമയം പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് പകരം, നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ നടപടികൾ വേഗത്തിലാക്കുക മാത്രമാണ് ഈ പദ്ധതിയിലൂടെ ഇപ്പോൾ ചെയ്യുന്നതെന്ന് മേയ് 4-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP), അഗ്രി-ഫുഡ് പൈലറ്റ്, കെയർഗിവർ പൈലറ്റ് തുടങ്ങിയ നിലവിലുള്ള പദ്ധതികൾ വഴി ഇതിനോടകം അപേക്ഷ സമർപ്പിച്ച വർക്ക് പെർമിറ്റ് ഉടമകൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. അപേക്ഷകർ കാനഡയിലെ ചെറിയ കമ്മ്യൂണിറ്റികളിൽ (Smaller Communities) കുറഞ്ഞത് രണ്ട് വർഷമെങ്കിലും താമസിച്ചിരിക്കണം എന്ന നിബന്ധനയും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്.

2021-ലെ ‘TR-to-PR’ പാതയ്ക്ക് സമാനമായ പുതിയൊരു താൽക്കാലിക വിൻഡോ സർക്കാർ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പുതിയ നീക്കം വലിയ തിരിച്ചടിയാണ്. നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരെ ഈ പദ്ധതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ താമസിച്ച് നികുതി അടയ്ക്കുകയും നിർദ്ദിഷ്ട തൊഴിൽ മേഖലകളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് മാത്രമായിരിക്കും മുൻഗണനയെന്ന് ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
