ടൊറൻ്റോ: 2021-ൽ ഒന്റാരിയോയിലെ ആശുപത്രിയിൽ വെച്ച് ചികിത്സാ പിഴവ് മൂലം മരണപ്പെട്ട 24 വയസ്സുകാരിയായ ഹീതർ വിന്റർസ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം പൂർത്തിയായി. മൂന്നാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ തന്റെ ഉറക്കം കെടുത്തുകയാണെന്ന് ഹീതറിന്റെ മാതാവ് ഫ്രാൻസിൻ ഷിമിസു-ഓർഗർ വികാരാധീനയായി പറഞ്ഞു. കെയ്‌ഗ നേഷൻ തദ്ദേശീയ വിഭാഗത്തിൽപ്പെട്ട ഹീതർ, കഠിനമായ ശരീരവേദനയെത്തുടർന്ന് 2021 ഡിസംബറിൽ സെന്റ് കാതറിൻസിലെ എമർജൻസി വിഭാഗത്തിൽ സഹായം തേടിയിരുന്നു. ഡോക്ടർ ഹീതറിനെ പരിശോധിച്ചെങ്കിലും, അവളുടെ മുൻകാല ലഹരിമരുന്ന് ഉപയോഗവും ഉത്കണ്ഠയും കാരണമാണ് വേദനയെന്ന് വിലയിരുത്തി വെറുമൊരു ടൈലനോൾ ഗുളിക നൽകി തിരിച്ചയക്കുകയായിരുന്നു. അതിശക്തമായ വേദനയെത്തുടർന്ന് ആംബുലൻസിൽ ഹീതർ വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദൂരെ നിന്ന് വെറും 5 സെക്കൻഡ് മാത്രമാണ് അവളെ നോക്കിയത്. ആശുപത്രി ചട്ടപ്രകാരം ഓരോ 15 മിനിറ്റിലും രോഗിയെ പരിശോധിക്കണമെന്നുണ്ടെങ്കിലും രണ്ടര മണിക്കൂർ നേരം ആരും ഹീതറിനെ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ വെയ്റ്റിംഗ് റൂമിൽ കുഴഞ്ഞുവീണ ഹീതർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബാക്ടീരിയ ബാധയെത്തുടർന്നുണ്ടാകുന്ന സെപ്റ്റിക് ഷോക്ക്ആണ് മരണകാരണമെന്ന് ജൂറി കണ്ടെത്തി. ചികിത്സ നൽകുന്നതിൽ വന്ന ഗുരുതരമായ വീഴ്ചയും കാലതാമസവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണത്തെ ഒരു അപകടം’എന്നാണ് ജൂറി വിശേഷിപ്പിച്ചത്. തദ്ദേശീയരായ (Indigenous) ആളുകളോടുള്ള വിവേചനവും ലഹരിമരുന്ന് ഉപയോഗിക്കുന്നവരോടുള്ള മുൻവിധിയും ചികിത്സയെ ബാധിക്കരുതെന്നും ജീവനക്കാർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകണമെന്നും ജൂറി വ്യക്തമാക്കി. അതോടൊപ്പം എമർജൻസി വിഭാഗങ്ങളിൽ മതിയായ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കണം.
“ആശുപത്രിയിലെ ആ സിസിടിവി ദൃശ്യങ്ങൾ കണ്ടത് എന്റെ ഉറക്കം കെടുത്തുന്നു. എന്റെ മകൾ മരണത്തിന് തൊട്ടുമുമ്പ് ഭയന്നു വിറയ്ക്കുന്നത് എനിക്ക് കാണേണ്ടി വന്നു,” ഫ്രാൻസിൻ പറഞ്ഞു. എങ്കിലും മകളുടെ മരണത്തിന് പിന്നിലെ സത്യം ലോകം അറിഞ്ഞതിൽ താൻ ആശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. മകളുടെ ഓർമ്മയ്ക്കായി ‘ഹീതർ വിന്റർസ്റ്റീൻ ഫൗണ്ടേഷൻ’ ആരംഭിക്കാനും അതുവഴി തദ്ദേശീയരായ യുവാക്കൾക്ക് ആരോഗ്യരംഗത്ത് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.
