Wednesday, May 13, 2026

ഡഗ് ഫോർഡിനെതിരെ അപകീർത്തിക്കേസുമായി അൽ ഖുദ്‌സ് കമ്മിറ്റി; പ്രസ്താവന പിൻവലിക്കില്ലെന്ന് പ്രീമിയർ

ടൊറന്റോ: കഴിഞ്ഞ മാസം നടന്ന അൽ ഖുദ്‌സ് ദിന റാലിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനെതിരെ നിയമനടപടി സ്വീകരിച്ച് സംഘാടകർ. മാർച്ചിലെ പരിപാടിക്ക് മുന്നോടിയായി, ഈ റാലി വെറുപ്പിനും വിദ്വേഷത്തിനും വിത്തുപാകുന്ന ഇടമാണെന്ന് ഫോർഡ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. കാനഡയിലെ തെരുവുകളിൽ വിദ്വേഷത്തിനും അക്രമത്തിനും സ്ഥാനമില്ലെന്നും പരിപാടി നിരോധിക്കാൻ അറ്റോർണി ജനറലിനോട് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, റാലി തടയണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വർഷത്തെ റാലികളിൽ വിദ്വേഷ പ്രസംഗം നടന്നതിനോ ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ട് ചെയ്തതിനോ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രവിശ്യാ സർക്കാരിന്റെ അഭിഭാഷകർക്കും വിദ്വേഷ പ്രസംഗത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല. കോടതി വിധിക്ക് ശേഷവും തന്റെ നിലപാടിൽ ഉറച്ചുനിന്ന ഫോർഡ്, റാലി ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്ന വേദിയാണെന്ന് വീണ്ടും ആവർത്തിച്ചു. ഇതേത്തുടർന്നാണ് ഫോർഡിന്റെ വാക്കുകൾ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി അൽ ഖുദ്‌സ് കമ്മിറ്റി കേസ് ഫയൽ ചെയ്തത്.

തന്റെ പ്രസ്താവനകളിൽ മാറ്റമില്ലെന്നും സമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾ പിൻവലിക്കില്ലെന്നുമാണ് പ്രീമിയറുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചത്. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് വർഷംതോറും അൽ ഖുദ്‌സ് ദിനം ആചരിക്കുന്നത്. ടൊറന്റോയിൽ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഈ പരിപാടിയിൽ ഇത്തവണ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾക്കായിരുന്നു സംഘാടകർ മുൻഗണന നൽകിയിരുന്നത്. സമാധാനപരമായ പ്രതിഷേധങ്ങളെ വിദ്വേഷമായി ചിത്രീകരിക്കാനാണ് പ്രീമിയർ ശ്രമിക്കുന്നതെന്ന് കമ്മിറ്റി അംഗമായ അലി മല്ല ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!