കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസില്‍ പ്രമുഖ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) കനത്ത തിരിച്ചടി. വേടന്റെ പക്കല്‍ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ ലാബില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. പരിശോധനാ ഫലം പുറത്തുവന്നതോടെ കേസില്‍ വനംവകുപ്പ് ഉടന്‍ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വേടന്റെ ഫ്ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് മാലയില്‍ കോര്‍ത്ത നിലയില്‍ പുലിപ്പല്ല് കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയും അവര്‍ എത്തി ഇത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അന്ന് വനംവകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ചെന്നൈയില്‍ വെച്ച് ഒരു സുഹൃത്ത് തനിക്ക് സമ്മാനമായി നല്‍കിയതാണ് ഈ പല്ല് എന്നായിരുന്നു വേടന് അന്ന് അന്വേഷണ സംഘത്തിന് നല്കിയ വാദം. എന്നാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, വേടന് ഈ പുലിപ്പല്ല് കൈമാറിയെന്ന് വനംവകുപ്പ് ശക്തമായി സംശയിക്കുന്ന രഞ്ജിത് കുമ്പടി എന്ന വ്യക്തിക്കായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ മലേഷ്യന്‍ പ്രവാസിയാണെന്നാണ് വനംവകുപ്പിന് ലഭിക്കുന്ന സൂചന. എന്നാല്‍ ഈ വ്യക്തിയെ തനിക്ക് അറിയില്ലെന്നാണ് വേടന് മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ കൃത്യമായ ശാസ്ത്രീയ തെളിവ് കൂടി ലഭിച്ചതോടെ റാപ്പര്‍ വേടനെതിരെയുള്ള നിയമനടപടികളുമായി വനംവകുപ്പ് വേഗത്തില്‍ മുന്നോട്ട് പോവുകയാണ്.
