ഓട്ടവ: കാനഡയിലേക്ക് എത്തുന്ന ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ. (84.8%). ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ ഡാഷ്ബോർഡ് റിപ്പോർട്ടിലാണ് സൂചന. കെബെക്ക് പ്രവിശ്യക്ക് പുറത്ത്, കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്ന ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 2025-ൽ വൻ വർധനയുണ്ടെന്നാണ് കണക്കുകൾ. സർക്കാർ തീരുമാനിച്ച ലക്ഷ്യമായ 8.5 ശതമാനവും കടന്ന്, ആകെ കുടിയേറ്റക്കാരുടെ 8.9 ശതമാനം (29,630 സ്ഥിരതാമസക്കാർ – PR) ആളുകൾ കാനഡയിലെത്തി. 2021-ൽ ഇത് വെറും 2.0 ശതമാനം മാത്രമായിരുന്നു. ഇതിൽ 11,935 സ്ഥിരതാമസക്കാരുമായി ആഫ്രിക്കൻ രാജ്യമായ കാമറൂൺആണ് ഒന്നാം സ്ഥാനത്ത്. അൾജീരിയ, മൊറോക്കോ, ഫ്രാൻസ്, കോട്ട് ഡി ഐവയർ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ഓട്ടവയാണ് കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരം. ടൊറന്റോയെക്കാൾ കൂടുതൽ ആളുകൾ ഓട്ടവയെയാണ് തങ്ങളുടെ പുതിയ താമസസ്ഥലമായി തിരഞ്ഞെടുത്തത്.

ഇതിൽ 24,655 പേരും ‘ഇക്കണോമിക് ക്ലാസ്സ്’ വഴിയാണ് കാനഡയിലെത്തിയത്. പ്രവിശ്യകളിൽ എക്സ്പ്രസ്സ് എൻട്രി വഴി ഏറ്റവും കൂടുതൽ ആളുകളെ സ്വീകരിച്ചത് ഒന്റാരിയോയും ആൽബർട്ടയുമാണ്.ഫ്രഞ്ച് ഭാഷാ കുടിയേറ്റക്കാരെ പ്രാദേശിക സമൂഹങ്ങളുമായി എളുപ്പത്തിൽ ലയിപ്പിക്കുന്നതിനായി കാനഡയിലെ 14 പ്രത്യേക ‘വെൽകമിങ് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികൾ’ (WFC) വഴി നിരവധി സാമൂഹിക സാംസ്കാരിക പരിപാടികളും നടപ്പിലാക്കി വരികയാണ്. കാനഡയിലെ ഫ്രഞ്ച് സംസ്കാരവും ജനസംഖ്യയും കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
