സിംഗപ്പൂർ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപത്തിനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഏകദേശം 8,000 ജീവനക്കാരെ ഒഴിവാക്കാനാണ് മെറ്റയുടെ നീക്കം. കമ്പനിയുടെ ഏഷ്യൻ ഹബ്ബായ സിംഗപ്പൂരിൽ ഇന്ന് രാവിലെ മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. യൂറോപ്പിലും യുഎസിലുമുള്ള ജീവനക്കാർക്കും ഉടൻ ഔദ്യോഗിക അറിയിപ്പ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

എഞ്ചിനീയറിംഗ് പ്രൊഡക്ട് ടീമുകളെയാണ് പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. സിഇഒമാർക്ക് സക്കർബർഗ് AI വികസനത്തിന് മുൻഗണന നൽകുന്നതിനാൽ 7,000-ത്തോളം ജീവനക്കാരെ AI പ്രോജക്റ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചെറിയ ടീമുകളായി പ്രവർത്തിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
തുടർച്ചയായ പിരിച്ചുവിടലുകൾ ജീവനക്കാരിൽ ആശങ്ക വർധിപ്പിച്ചു. എ ഐ മേഖലയിലെ മെറ്റയുടെ അമിത നിക്ഷേപം കമ്പനിക്ക് എത്രത്തോളം ലാഭകരമാകുമെന്ന കാര്യത്തിൽ നിക്ഷേപകർക്കിടയിലും ആശങ്ക ശക്തമാണ്.
