Friday, May 22, 2026

ഗാസ സഹായക്കപ്പലിലെ കനേഡിയൻ സന്നദ്ധപ്രവർത്തകരെ ഉപദ്രവിച്ചു; ഇസ്രായേലിനെതിരെ വിദേശകാര്യ മന്ത്രി അനിത ആനന്ദ്

ഓട്ടവ: ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ അന്താരാഷ്ട്ര കപ്പൽ വ്യൂഹം തടഞ്ഞ്, അതിലുണ്ടായിരുന്ന കനേഡിയൻ സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ സൈന്യം ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കടുത്ത പ്രതിഷേ ധവുമായി കാനഡ. ഇസ്രായേൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് “അങ്ങേയറ്റം ദാരുണമായ അതിക്രമമാണ്” എന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കുറ്റപ്പെടുത്തി. കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ഇസ്രായേലി നെതിരെയുള്ള ഫെഡറൽ സർക്കാരിൻ്റെ ക‌ടുത്ത പ്രതികരണമാണിത്‌. ഗാസയിലേക്കുള്ള സമുദ്ര ഉപരോധം ലംഘിച്ച് സഹായങ്ങളെത്തിക്കാൻ ശ്രമിച്ച കപ്പലിൽ 12 കനേഡിയൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരെ ഇസ്രായേൽ തടങ്കലിലാക്കുകയും പിന്നീട് വ്യാഴാഴ്ച തുർക്കിയിലേക്ക് നാടുകടത്തുകയും ചെയ്തു. സ്വീഡനിൽ നടക്കുന്ന നാറ്റോവിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അനിത ആനന്ദ് തന്റെ എക്സ് ഹാൻഡിലിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കാനഡക്കാരുൾപ്പെടെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ അതിതീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ പരസ്യമായി പരിഹസിക്കുന്നതും സൈന്യം അവരെ കൈകൾ പിന്നോട്ട് കെട്ടി നിലത്തിരുത്തി ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കനേഡിയൻമാർക്ക്‌ നേർക്കുണ്ടായ ഈ ക്രൂരമായ പെരുമാറ്റത്തെ രാജ്യം ശക്തമായി അപലപിക്കുന്നതായും ഈ അതിക്രമത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. തുർക്കിയിലെ ഇസ്താംബൂളിൽ എത്തിയ കനേഡിയൻ പൗരന്മാർക്ക് നയതന്ത്ര ഉദ്യോഗസ്ഥർ വഴി അടിയന്തിര വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മർദ്ദനമേറ്റ പല സന്നദ്ധപ്രവർത്തകരും ഇസ്താംബൂൾ വിമാനത്താവളത്തിൽ കാലിന് പരിക്കേറ്റ നിലയിലാണ് എത്തിയത്. തങ്ങളെ ക്രൂരമായി മർദ്ദിച്ചതായും മനുഷ്യത്വരഹിതമായിട്ടാണ് ജയിലിൽ പെരുമാറിയതെന്നും ഇറ്റാലിയൻ ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും സാക്ഷ്യ പ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇസ്രായേൽ ജയിൽ അധികൃതരുടെ വാദം. ഇസ്രായേൽ തടവിലാക്കിയ സന്നദ്ധ പ്രവർത്തകരോട് കാണിച്ച ക്രൂരത അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമാണ് എന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മാർക്ക് കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതൽ കാനഡ ഇസ്രായേൽ വിഷയത്തിൽ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി കാനഡ അംഗീകരിച്ചത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ പീഡന ദൃശ്യങ്ങൾ പുറത്തുവിട്ട തന്റെ മന്ത്രി ബെൻ-ഗ്വീറിനെ തള്ളിപ്പറഞ്ഞെങ്കിലും, കപ്പൽ വ്യൂഹം ഹമാസിനെ സഹായിക്കാനുള്ള രാഷ്ട്രീയ നാടകമാണ്‌ കളിച്ചതെന്നും ആരോപിച്ചു. അതിനിടെ, ഇസ്രായേൽ മന്ത്രിമാർക്കെതിരെ കാനഡ മുൻപ് ഏർപ്പെടുത്തിയ യാത്രാവിലക്കിന് പുറമെ, നെതന്യാഹു സർക്കാരിനെതിരെ കൂടുതൽ ശക്തമായ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങൾ ഏർപ്പെടുത്താൻ കാനഡ തയ്യാറാകണമെന്ന് ലിബറൽ എംപി സൽമ സാഹിദ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!