Saturday, May 23, 2026

കാലിഫോര്‍ണിയയില്‍ രാസ സ്‌ഫോടന ഭീഷണി; 40,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം

കാലിഫോര്‍ണിയ: അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയയിലുള്ള ഓറഞ്ച് കൗണ്ടിയില്‍ വന്‍ രാസ സ്‌ഫോടന ഭീഷണിയെത്തുടര്‍ന്ന് നാല്‍പ്പതിനായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഗാര്‍ഡന്‍ ഗ്രോവിലെ ‘ജികെഎന്‍ എയ്റോസ്പേസ്’ നിര്‍മ്മാണ ശാലയിലെ കൂറ്റന്‍ ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ‘മെഥില്‍ മെതാക്രിലേറ്റ്’ എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാല്‍വുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാന്‍ രാജ്യത്തെ പ്രമുഖ വിദഗ്ധരടങ്ങുന്ന സംഘം അതീവ ജാഗ്രതയോടെ ശ്രമിച്ചുവരികയാണ്.

നിലവില്‍ ടാങ്കിന് മുകളിലേക്ക് തുടര്‍ച്ചയായി വെള്ളം സ്‌പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിക്കാന്‍ സാധ്യതയുള്ളതും ശ്വസിച്ചാല്‍ കടുത്ത ശ്വാസതടസ്സം, തലകറക്കം, കണ്ണെരിച്ചില്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ കെമിക്കലാണിത്. വായുവിലേക്ക് വിഷവാതകം പടരാതിരിക്കാനും, കെമിക്കല്‍ പുറത്തേക്ക് ഒഴുകിയാല്‍ അത് സമീപത്തെ ജലാശയങ്ങളിലേക്ക് എത്താതിരിക്കാനും മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക തടസ്സങ്ങള്‍ അധികൃതര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

നിലവില്‍ ആര്‍ക്കും പരിക്കുകളോ വായു മലിനീകരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗാര്‍ഡന്‍ ഗ്രോവിന് പുറമെ സമീപ നഗരങ്ങളായ അനഹൈം, സ്റ്റാന്റണ്‍, വെസ്റ്റ്മിന്‍സ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരോടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്ക് ഒന്നെങ്കില്‍ തകരുകയോ അല്ലെങ്കില്‍ വന്‍ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയോ ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫയര്‍ഫോഴ്‌സ് വിഭാഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!