Thursday, May 28, 2026

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മാലിന്യ പ്രശ്നം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ രൂക്ഷമായ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ക്ഷേത്രപരിസരം അടിയന്തരമായി ശുചീകരിക്കണമെന്ന് നിർദേശിച്ച കോടതി, വീഴ്ച ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.

മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുത്ത നടപടികൾ വ്യക്തമാക്കുന്ന പ്രത്യേക സത്യവാങ്മൂലങ്ങൾ സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ കോടതിയെ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റിക് ടാങ്കിന് സമീപം കാട് പിടിച്ചുകിടക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിലെ പാചകപ്പുര, കീഴ്ക്കാവ് ശൗചാലയം, ക്ഷേത്രക്കുളം, അന്നദാന മണ്ഡപം തുടങ്ങിയ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ചിത്രങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭക്തർക്ക് ആത്മീയാനുഭവം നൽകേണ്ട ക്ഷേത്രപരിസരം മലിനമാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഉത്തരവാദിത്വം ഒഴിവാക്കാൻ ശ്രമിക്കുന്ന സമീപനത്തെയും കോടതി വിമർശിച്ചു. “ശുചിത്വം ദൈവതുല്യമാണ്” എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളും കോടതി പരാമർശിച്ചു. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!