ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിലേക്ക് സ്ഥിരതാമസത്തിന് (പി.ആർ) അപേക്ഷിക്കാനുള്ള നിലവിലുള്ള എല്ലാ ഇമിഗ്രേഷൻ സ്ട്രീമുകളും ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) റദ്ദാക്കി. മുൻപ് നടപ്പിലാക്കിയ ഇമിഗ്രേഷൻ വഴികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് 2026 മെയ് 30-നാണ് സർക്കാർ പുതിയ നിയമഭേദഗതി പുറത്തിറക്കിയത്. വിദേശ പൗരന്മാർക്ക് ഒന്റാരിയോ പ്രവിശ്യ വഴി എളുപ്പത്തിൽ പി.ആർ നേടാൻ സാധിച്ചിരുന്ന പഴയ സംവിധാനങ്ങളെല്ലാം ഇതോടെ അസാധുവായിക്കഴിഞ്ഞു. എന്നാൽ, റദ്ദാക്കിയ സ്ട്രീമുകൾക്ക് പകരമുള്ള പുതിയ പദ്ധതികൾ പ്രവിശ്യാ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാനഡയിലെ സാമ്പത്തിക കുടിയേറ്റ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി.
നിലവിലെ സംവിധാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയത് ലക്ഷക്കണക്കിന് അപേക്ഷകരെ ബാധിക്കുമെങ്കിലും, പഴയ സ്ട്രീമുകൾ വഴി ഇതിനകം ലഭിച്ച അപേക്ഷകൾ മുൻ നിയമപ്രകാരം തന്നെ വിലയിരുത്തുമെന്ന് ഒന്റാരിയോ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പഴയ രീതികൾക്ക് പകരമായി അഞ്ച് പുതിയ ഇമിഗ്രേഷൻ സ്ട്രീമുകൾ കൊണ്ടുവരാൻ ഒന്റാരിയോ സർക്കാർ ആലോചിക്കുന്നുണ്ട്. ഉയർന്ന തൊഴിൽ നൈപുണ്യമുള്ളവർക്കായുള്ള ട്രാക്ക്, കുറഞ്ഞ വേതനമുള്ള സാധാരണ തൊഴിലാളികൾക്കായുള്ള ട്രാക്ക്, ഹെൽത്ത് കെയർ ജീവനക്കാർക്കായുള്ള പ്രത്യേക സ്ട്രീം, പുതിയ സംരംഭകർക്കുള്ള സ്ട്രീം, ശാസ്ത്ര-സാങ്കേതിക-ഗവേഷണ രംഗത്തെ പ്രതിഭകൾക്കുള്ള സ്ട്രീം എന്നിവയാണ് പുതിയ നിർദ്ദേശത്തിലുള്ളത്. പുതിയ നിയമപ്രകാരം ഇമിഗ്രേഷൻ മന്ത്രിക്ക് നേരിട്ട് തന്നെ ഈ പദ്ധതികൾ പ്രഖ്യാപിക്കാൻ അധികാരമുള്ളതിനാൽ പുതിയ ഇളവുകളോടെയുള്ള അപ്ഡേറ്റുകൾ ഉടൻ പ്രതീക്ഷിക്കാം.

കഴിഞ്ഞ 2025 ഡിസംബറിൽ ഒന്റാരിയോ സർക്കാർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അന്തിമ യോഗ്യതാ മാനദണ്ഡങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തൊഴിലുടമയുടെ ഓഫർ കത്തുകൾ ഉള്ളവർക്കും, ആരോഗ്യ മേഖലയിൽ പ്രവൃത്തിപരിചയമുള്ള നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും പുതിയ പദ്ധതിയിൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം പരിശോധിക്കാൻ അധികൃതർ അപേക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒന്റാറിയോ ഭരണകൂടം ഔദ്യോഗികമായി നിർത്തലാക്കിയ ഒൻപത് പ്രധാന ഇമിഗ്രേഷൻ സ്ട്രീമുകളിൽ വിദേശ തൊഴിലാളികൾക്കായി ഉണ്ടായിരുന്ന ഫോറിൻ വർക്കർ സ്ട്രീം, വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീം, തൊഴിൽ വിപണിയിലെ പ്രത്യേക വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നിവ ഉൾപ്പെടുന്നു.
കൂടാതെ ഉന്നത വിദ്യാഭ്യാസം നേടിയവർക്കായുള്ള മാസ്റ്റേഴ്സ് ഗ്രാജുവേറ്റ് സ്ട്രീം, പിഎച്ച്ഡി ഗ്രാജുവേറ്റ് സ്ട്രീം എന്നിവയും ഇനിമുതൽ ലഭ്യമാകില്ല. ഇതുകൂടാതെ, യോഗ്യതയുള്ള പ്രൊഫഷണലുകളെ ആകർഷിച്ചിരുന്ന ഹ്യൂമൻ കാപ്പിറ്റൽ പ്രയോറിറ്റീസ് സ്ട്രീം , ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ളവർക്കായുള്ള ഫ്രഞ്ച് സ്പീക്കിങ് സ്കിൽഡ് വർക്കർ സ്ട്രീം , സാങ്കേതിക മേഖലയിലെ വിദഗ്ധർക്കായുള്ള സ്കിൽഡ് ട്രേഡ്സ് സ്ട്രീം, സംരംഭകർക്കായുള്ള ഒന്റർപ്രണർ സ്ട്രീം എന്നിവയുമാണ് പൂർണ്ണമായും നിർത്തലാക്കിയ മറ്റ് സ്ട്രീമുകൾ.
