ടൊറന്റോ: നഗരത്തിൽ ഈ വർഷം ജനുവരി 1 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ റോഡ് അപകട മരണങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ടൊറന്റോ പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് എറ്റോബിക്കോക്കിൽ റോഡിന് സമീപം നിർത്തിയിട്ടിരുന്ന ഡംപ് ട്രക്കുമായി കൂട്ടിയിടിച്ച് 63 വയസ്സുകാരൻ മരിച്ചതോടെ ഈ വർഷത്തെ മൊത്തം ഫാറ്റൽ അപകടങ്ങളുടെ എണ്ണം 23 ആയി ഉയർന്നു.

നടന്നുപോകുന്നവരുടെയും മോട്ടോർസൈക്കിൾ യാത്രക്കാരുടെയും മരണങ്ങളിലാണ് ഏറ്റവും കൂടുതൽ വർധനവ് ഉണ്ടായിരിക്കുന്നത്. ടൊറന്റോ പോലീസ് ട്രാഫിക് സർവീസസ് യൂണിറ്റിലെ സർജന്റ് മുറെ കാംപ്ബെൽ പറഞ്ഞു: “ഈ വർഷത്തെ അപകടങ്ങളുടെ എണ്ണം 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം കൂടുതലാണ്. ഇത് ഏറെ ആശങ്കാജനകമായ സാഹചര്യമാണ്.” അമിതവേഗത, ശ്രദ്ധക്കുറവ്, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് പോലീസ് വ്യക്തമാക്കി.

പ്രധാന റോഡുകളിൽ മാത്രമല്ല, പാർക്കിങ് ഏരിയകളിലും സ്വകാര്യ സ്ഥലങ്ങളിലും വലിയ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ടൊറന്റോ മേയർ ഒലിവിയ ചൗ സ്പീഡ് ക്യാമറകൾ നിരോധിച്ചതിനെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ നവംബറിൽ ഒന്റാറിയോ പ്രവിശ്യാ സർക്കാർ 150 സ്പീഡ് ക്യാമറകൾ നിരോധിച്ചത് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണമായെന്നാണ് അവരുടെ വിലയിരുത്തൽ.

സന്നദ്ധ സംഘടനയായ ഫ്രണ്ട്സ് ആൻഡ് ഫാമിലീസ് ഫോർ സേഫ് സ്ട്രീറ്റ്സിന്റെ വക്താവ് ജെസ് സ്പീക്കർ പറഞ്ഞു: “സ്പീഡ് ക്യാമറകൾ നിരോധിച്ചതിലൂടെ ഡ്രൈവർമാർക്ക് അമിതവേഗതയിൽ സഞ്ചരിക്കാൻ പ്രവിശ്യാ സർക്കാർ അനുവാദം നൽകിയതുപോലെയാണ്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.”
