കരീബിയൻ ദ്വീപ് രാഷ്ട്രമായ ക്യൂബയിലേക്കുള്ള യാത്രകൾക്ക് കനത്ത തിരിച്ചടി. പ്രമുഖ കനേഡിയൻ ട്രാവൽ-വിമാന കമ്പനികളായ സൺവിങ് വെക്കേഷൻസ്, വെസ്റ്റ്ജെറ്റ് വെക്കേഷൻസ്, വെസ്റ്റ്ജെറ്റ് വെക്കേഷൻസ് കെബെക്ക്എന്നിവ ക്യൂബയിലേക്കുള്ള എല്ലാ യാത്രാ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
ഈ വർഷം ഏപ്രിലിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ഒക്ടോബറിൽ വീണ്ടും ആരംഭിക്കുമെന്നായിരുന്നു കമ്പനികളുടെ അറിയിപ്പ്. എന്നാൽ ക്യൂബയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർവീസുകളുടെ സസ്പെൻഷൻ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കാനഡയിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ യാത്രാ പദ്ധതികൾ അനിശ്ചിതത്വത്തിലായി.

സർവീസുകൾ നിർത്തിവെക്കാനുള്ള കൃത്യമായ കാരണം കമ്പനികൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ക്യൂബയിലെ രൂക്ഷമായ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകർച്ചയും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് പണം തിരികെ നൽകുന്നതിനോ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര മാറ്റുന്നതിനോ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
മാസങ്ങളായി തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി, ഇന്ധനക്ഷാമം, കുടിവെള്ള ലഭ്യതക്കുറവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആരോഗ്യരംഗത്തെ പ്രതിസന്ധി എന്നിവ ക്യൂബയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അമേരിക്കൻ ഉപരോധങ്ങളാണ് നിലവിലെ ഇന്ധനക്ഷാമത്തിന് പ്രധാന കാരണമെന്ന് ക്യൂബൻ ഭരണകൂടം ആരോപിക്കുന്നു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ക്യൂബയിൽ കഴിയുന്ന കനേഡിയൻ പൗരന്മാർ കഴിയുന്നത്ര വേഗത്തിൽ നാട്ടിലേക്ക് മടങ്ങണമെന്ന് ഫെബ്രുവരിയിൽ തന്നെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, ക്യൂബയ്ക്ക് അടിയന്തര സഹായം നൽകണമെന്ന് ഒട്ടാവയിലെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ എയർ ട്രാൻസാറ്റും എയർ കാനഡയും ക്യൂബയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിരുന്നു.
വിമാന സർവീസുകൾക്ക് പുറമെ രാജ്യാന്തര ഹോട്ടൽ ശൃംഖലകളും ക്യൂബയിൽ നിന്നുള്ള പ്രവർത്തനം ചുരുക്കുകയാണ്. സ്പെയിൻ ആസ്ഥാനമായ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ മെലിയ തങ്ങൾ ക്യൂബയിൽ നടത്തിവന്നിരുന്ന 34 ഹോട്ടലുകളിൽ 15 എണ്ണത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഈ ആഴ്ച പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
