ക്യൂബയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ക്യൂബയിൽ നിന്ന് ഏകദേശം 118 കിലോമീറ്റർ അകലെ ഗൾഫ് മേഖലയിലാണ് ഉണ്ടായത്. തുടക്കത്തിൽ 6.4 തീവ്രതയെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് ഇത് 6.1 ആയി തിരുത്തി.

ക്യൂബയിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ വരെ അനുഭവപ്പെട്ടതായി നാഷണൽ വെതർ സർവീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെത്തുടർന്ന് സുനാമി ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ക്യൂബൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
