2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സ്ഥിരീകരിച്ചു. മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്ററായ ARD നടത്തിയ അഭിമുഖത്തിൽ ഇതായിരുന്നോ ജർമനിക്കായുള്ള അവസാന മത്സരം എന്ന ചോദ്യത്തിന് ന്യൂയർ ചുരുക്കത്തിൽ “അതെ” എന്നായിരുന്നു മറുപടി.
40-കാരനായ ന്യൂയർ 2024 ഓഗസ്റ്റിൽ ജർമൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2026 ഫിഫ ലോകകപ്പിനായി അദ്ദേഹം വീണ്ടും അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിലെ പ്രധാന താരമായിരുന്ന ന്യൂയർ, തന്റെ തലമുറയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.
ജർമനിക്കായി 128 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ന്യൂയർ, രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കരിയർ അവസാനിപ്പിക്കുന്നത്.
