ലോകകപ്പിൽ ഫ്രാൻസിനെതിരെ സ്പെയിൻ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സ്പാനിഷ് യുവതാരം Lamine Yamal. ഫ്രാൻസ് മികച്ച ഫോമിലാണെങ്കിലും അവരെ ഫേവറിറ്റുകളായി കാണുന്നില്ലെന്നും ലോകകപ്പ് നേടുമെന്ന ആത്മവിശ്വാസവും യമാൽ പങ്കുവച്ചു.
“യൂറോയ്ക്ക് ശേഷം അവർ ഞങ്ങളെ തോൽപ്പിച്ചിട്ടില്ല. അവർ ഞങ്ങളെക്കാൾ മികച്ചവരല്ല,” എന്ന് ഫ്രാൻസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം നോക്കി ഒരു ടീമിനെയും ഫേവറിറ്റായി വിലയിരുത്താനാകില്ലെന്നും യമാൽ വ്യക്തമാക്കി.

“ഗ്രൂപ്പ് ഘട്ടത്തിന് വലിയ പ്രസക്തിയില്ല. എനിക്ക് തോന്നുന്നില്ല ഇവിടെ ഫേവറിറ്റുകളുണ്ടെന്ന്. ഫ്രാൻസ് മികച്ച ഫോമിലാണ്. മികച്ച താരങ്ങളും അവർക്കുണ്ട്. പക്ഷേ അവർ മറ്റേതൊരു ടീമിനെക്കാളും മുകളിലാണെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ അവസാനഘട്ടത്തെക്കുറിച്ചുള്ള തന്റെ സ്വപ്നം എന്താണെന്ന ചോദ്യത്തിന് യമാലിന്റെ മറുപടി ആത്മവിശ്വാസം നിറഞ്ഞതായിരുന്നു.
“ഈ വർഷം ലോകകപ്പ് നേടുന്നത് ഞാനായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഗോൾരഹിത സമനിലയോടെയാണ് സ്പെയിൻ ലോകകപ്പ് ക്യാംപെയ്ൻ തുടങ്ങിയത്. തുടർന്ന് സൗദി അറേബ്യയെ 4-0ന് തോൽപ്പിച്ച സ്പെയിൻ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉറുഗ്വേയെ 1-0ന് കീഴടക്കിയിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ പൂർണ ഫിറ്റ്നസിലല്ലാതിരുന്നതിനാൽ ഉദ്ഘാടന മത്സരത്തിൽ യമാൽ പകരക്കാരനായാണ് ഇറങ്ങിയത്.
ജൂലൈ 3 (IST) ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ സ്പെയിൻ ഓസ്ട്രിയയെ നേരിടും.
അതേസമയം, സ്വീഡനെ 3-0ന് തകർത്താണ് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തിയത്. നായകൻ Kylian Mbappé ഇരട്ടഗോളുമായി ഫ്രാൻസിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു.
