കൊച്ചി ∙ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി നടൻ ജഗദീഷ്. ഈ സർക്കാരിന്റെ കാലത്ത് തനിക്കൊരു സ്ഥാനവും വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു ജഗദീഷിന്റെ പ്രസംഗം. മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നു. സതീശന്റെ വാർത്താസമ്മേളനങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നും ജഗദീഷ് പറഞ്ഞു.
‘‘എല്ലാ ബുധനാഴ്ചകളിലും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാത്തിരിക്കും. അത് വളരെ വിനോദവും വിജ്ഞാനവും തരുന്ന ഒന്നാണ്. ഞാൻ പറഞ്ഞത് രാഷ്ട്രീയമായി അല്ല. ഞാനൊരു നിക്ഷ്പക്ഷനായ കലാകാരനാണ്. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി എനിക്ക് വളരെ നല്ല അടുപ്പമാണുള്ളത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ് സതീശൻ, വെരി ഡെയറിങ് സതീശൻ, വെരി ഡിപ്ലോമാറ്റിക്ക് സതീശൻ എന്നൊക്കെ ആളുകൾ പറയും. ചില ദോഷൈക ദിക്കുകൾ വെരി ഡോമിനേറ്റിങ് സതീശൻ എന്നും പറയും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പറയും വെരി ഡൗൺ ടൂ എർത്ത് സതീശൻ. അതാണ് നമ്മുടെ മുഖ്യമന്ത്രി.
ഈ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രചാരണത്തിനായി ഞാൻ ഒരുദിവസം മാറ്റിവച്ചു. തുരുതുരെ പരിപാടികളായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനാണ് ഞാൻ ഒന്ന് ഫ്രീ ആകുന്നത്. അപ്പോൾ അന്നത്തെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള നമ്മുടെ മുഖ്യമന്ത്രി ആ ലിസ്റ്റ് നോക്കിയിട്ട് എത്ര 41 പ്രസംഗങ്ങളോ. അത്രയൊന്നും പറ്റില്ല. ജഗദീഷേട്ടൻ ഒരു 21 പ്രസംഗങ്ങളൊക്കെ നടത്തിയാൽ മതി എന്ന് പറഞ്ഞു. അന്ന് ഞാൻ അദ്ദേഹത്തിന്റെ പ്രത്യേകത മനസിലാക്കി. ഇന്ന് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പറഞ്ഞത്, സിഎം അങ്ങയുടെ പ്രസ് മീറ്റ് കാണാൻ ഞങ്ങൾ താല്‍പര്യത്തോടെ എല്ലാ ബുധനാഴ്ചയും കാത്തിരിക്കുന്നു എന്നാണ്. ഏറ്റവും വലിയ എന്റർടെയിൻമെന്റ് ആണത്. അതിൽ വിനോദവും വിജ്ഞാനവും ഉണ്ട്. അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന വിധം കണ്ടുപഠിക്കേണ്ടത് തന്നെയാണ്. നിയമസഭയിലെ പ്രസംഗങ്ങൾ പുസ്‌തകങ്ങളായി പ്രസിദ്ധീകരിക്കുന്നത് പോലെത്തന്നെ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളും പുസ്തകമായി പ്രസിദ്ധീകരിക്കണം. അത്ര താല്‍പര്യത്തോടെയാണ് ജനങ്ങൾ കേട്ടിരിക്കുന്നത്. അത് രാഷ്ട്രീയമല്ല. ഞാൻ നിഷ്പക്ഷനായ കലാകാരനാണ്’’ – ജഗദീഷ് പറഞ്ഞു.
