Saturday, July 11, 2026

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ. അധികസമയത്ത് ജൂഡ് ബെല്ലിംഗ്ഹാം നേടിയ വിജയഗോളിന്റെ മികവിൽ നോർവെയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അവസാന നാലിലേക്ക് മുന്നേറിയത്. കഴിഞ്ഞ അഞ്ച് പ്രധാന ടൂർണമെന്റുകളിൽ നാലാം തവണയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തുന്നത്. അറ്റ്ലാന്റയിൽ നടക്കുന്ന സെമിയിൽ അർജന്റീനയെയോ സ്വിറ്റ്സർലൻഡിനെയോ ഇംഗ്ലണ്ട് നേരിടും.

ആദ്യ പകുതിയിൽ നോർവെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 36-ാം മിനിറ്റിൽ പാട്രിക് ബെർഗ് പന്ത് തട്ടിയെടുത്തതിനെ തുടർന്ന് ആൻഡ്രിയാസ് ഷെൽഡെറപ്പ് ഗോൾ നേടി നോർവെയെ മുന്നിലെത്തിച്ചു. തുടർന്ന് അലക്സാണ്ടർ സോർലോത്തും മാർട്ടിൻ ഒഡെഗാർഡും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താനായില്ല.

ആദ്യ പകുതിയുടെ അധികസമയത്ത് ആന്തണി ഗോർഡന്റെ പാസിൽ നിന്ന് ജൂഡ് ബെല്ലിംഗ്ഹാം മികച്ച വ്യക്തിഗത മുന്നേറ്റത്തിനൊടുവിൽ സമനില ഗോൾ നേടി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.

രണ്ടാം പകുതിയിൽ ടോർബ്യോൺ ഹെഗ്ഗം നേടിയെന്ന് കരുതിയ ഗോൾ VAR റദ്ദാക്കി. എർലിംഗ് ഹാലാൻഡ് എലിയറ്റ് ആൻഡേഴ്സണെ തള്ളിയതായി കണ്ടെത്തിയതോടെയാണ് തീരുമാനം. പിന്നീട് ഓസ്കർ ബോബിന്റെ വരവോടെ നോർവെ വീണ്ടും ആക്രമണം ശക്തമാക്കിയെങ്കിലും ഡേവിഡ് മോളർ വോൾഫെയുടെ ഹെഡ്ഡർ ക്രോസ്‌ബാറിൽ തട്ടി മടങ്ങി.

സാധാരണ സമയത്ത് വിജയഗോൾ പിറക്കാതിരുന്നതോടെ മത്സരം അധികസമയത്തിലേക്ക് നീണ്ടു. മൂന്നാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ ദൂരപ്രഹരം ഗോൾകീപ്പർ ഓർജൻ നൈലാൻഡ് തടഞ്ഞെങ്കിലും റീബൗണ്ടിൽ ബെല്ലിംഗ്ഹാം പന്ത് വലയിലെത്തിച്ച് ഇംഗ്ലണ്ടിന് നിർണായക ലീഡ് സമ്മാനിച്ചു.

മത്സരശേഷം ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടൂഷൽ ടീമിന്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. “സെമിയിലെത്തിയത് മികച്ച നേട്ടമാണ്. പക്ഷേ പ്രകടനത്തിൽ സന്തോഷമില്ല. നിരവധി സാങ്കേതിക പിഴവുകൾ സംഭവിച്ചു. ഇന്ന് ഞങ്ങൾ ഭാഗ്യവാന്മാരായിരുന്നു,” അദ്ദേഹം പറഞ്ഞു.

28 വർഷത്തിന് ശേഷം ലോകകപ്പിൽ കളിച്ച നോർവെ പുറത്തായെങ്കിലും ടീമിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് നായകൻ മാർട്ടിൻ ഒഡെഗാർഡ് പറഞ്ഞു. “ഇത് വേദനാജനകമാണ്. എന്നാൽ ഞങ്ങൾ അഭിമാനത്തോടെ മടങ്ങുകയാണ്. ലോകം വീണ്ടും നോർവെയെക്കുറിച്ച് സംസാരിക്കുകയാണ്,” അദ്ദേഹം പ്രതികരിച്ചു.

അധികസമയത്തും VAR നിർണായകമായി ഇടപെട്ടു. ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി വീഡിയോ പരിശോധനയ്ക്ക് ശേഷം റദ്ദാക്കി. ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി എത്തിയ എർലിംഗ് ഹാലാൻഡിന് ഇത്തവണ ഗോൾ നേടാനായില്ല. ഒടുവിൽ 1966, 1990, 2018 ലോകകപ്പുകൾക്ക് ശേഷം വീണ്ടും ഇംഗ്ലണ്ട് സെമി ഫൈനലിൽ ഇടം ഉറപ്പിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!