കൊച്ചി: നടൻ ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശം തമിഴ്നാട്ടിൽ വിവാദമായി. വിജയ്-തൃഷ വിഷയവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പരാമർശത്തിനെതിരെ വിജയ് ആരാധകർ രംഗത്തെത്തിയതോടെ ചർച്ചകൾ കൂടുതൽ ശക്തമായി.
‘വിസിറ്റർ’ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ, താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിലുണ്ടാകണമെന്ന് തമാശരൂപത്തിൽ ധ്യാൻ പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തൃഷ ചടങ്ങിൽ പങ്കെടുത്തതുമായി ഈ പരാമർശം ബന്ധപ്പെടുത്തി നിരവധി തമിഴ് ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമ പേജുകളും വാർത്തകൾ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ഉയർന്നത്.

ധ്യാനിന്റെ പരാമർശത്തെ തുടർന്ന് വിജയ് ആരാധകരുടെ ഭാഗത്ത് നിന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു. മലയാള സിനിമയെ ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലർ പങ്കുവച്ചു. തമിഴ്നാട്ടിലെ ചില വ്ലോഗർമാരും വിഷയത്തിൽ വീഡിയോകൾ പ്രസിദ്ധീകരിച്ചു.
ഇതിനിടെ, ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി സമൂഹമാധ്യമത്തിൽ ധ്യാനിന്റെ ചിത്രം പങ്കുവെച്ച് “കേരളത്തിലെ ഏറ്റവും വലിയ ജോക്കർ – ധ്യാൻ” എന്ന കുറിപ്പും പങ്കുവച്ചു. ഇതോടെ പോസ്റ്റിന് താഴെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.
അതേസമയം, ടിവികെ കേരളയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ധ്യാൻ സാധാരണയായി തമാശരൂപത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്റെ പരാമർശത്തെ അതേ രീതിയിൽ കാണണമെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. വിജയ് ആരാധകരിൽ ചിലരും ടിവികെ കേരളയുടെ പോസ്റ്റിനെതിരെ പ്രതികരിച്ചു.
Story Highlights :Dhyan Sreenivasan’s ‘CM’ remark has sparked controversy in Tamil Nadu.
