Tuesday, November 3, 2026

വ്യാജ ജോലി അഭിമുഖവും AI ടൂളും ഉപയോഗിച്ച് ബിനാൻസ് ഹാക്ക്; 6.3 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ കവർച്ച

ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലൊന്നായ ബിനാൻസിൽ നിന്ന് 6.3 ബില്യൺ ഡോളറിലധികം മൂല്യമുള്ള ക്രിപ്റ്റോകറൻസി കവർന്ന സൈബർ ആക്രമണത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രിത നീക്കമെന്ന് കമ്പനി. വ്യാജ ജോലി അഭിമുഖങ്ങൾ, അപകടകരമായ സോഫ്റ്റ്‌വെയറുകൾ, സ്ഥാപനത്തിനുള്ളിലെ AI ടൂൾ എന്നിവ ഉപയോഗിച്ചാണ് ഹാക്കർമാർ ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലേക്ക് കടന്നുകയറിയത്. ഉത്തര കൊറിയയുമായി ബന്ധമുള്ള ഹാക്കിങ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ.

വ്യാജ ജോലി അഭിമുഖത്തിലൂടെ ജീവനക്കാരനെ കുടുക്കി

ജോലി അന്വേഷിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ബിനാൻസിലെ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറെ ഹാക്കർമാർ ആദ്യം സമീപിച്ചത്. ഒരു വ്യാജ കമ്പനിയുടെ പ്രോജക്ട് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് വ്യാജ എച്ച്ആർ പ്രതിനിധിയുമായും കമ്പനിയുടെ സിഇഒയാണെന്ന് അവകാശപ്പെട്ട മറ്റൊരാളുമായും ഓൺലൈൻ അഭിമുഖങ്ങൾ നടത്തി.

വിശ്വാസം നേടിയെടുത്ത ശേഷം ഒരു കോഡിങ് അസൈൻമെന്റ് ഡൗൺലോഡ് ചെയ്യാൻ ജീവനക്കാരനോട് ആവശ്യപ്പെട്ടു. അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന മാൽവെയർ ജീവനക്കാരന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ പ്രവേശനം നേടാൻ ഹാക്കർമാരെ സഹായിച്ചു. സാധാരണ സുരക്ഷാ സംവിധാനങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ക്ഷുദ്രകോഡ് തയ്യാറാക്കിയിരുന്നതെന്ന് ബിനാൻസ് വ്യക്തമാക്കി.

AI ടൂളും ഉപയോഗിച്ച് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് കടന്നുകയറി

ആക്രമണത്തിന്റെ തുടക്കം ജൂണിലായിരുന്നു. AI കോഡിങ് ടൂൾ ഇൻസ്റ്റാൾ ചെയ്യുന്നതിനിടെ മറ്റൊരു എൻജിനീയർ ഇന്റർനെറ്റ് പരസ്യത്തിലൂടെ ലഭിച്ച വ്യാജ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തിരുന്നു. ബിനാൻസ് സുരക്ഷാ വിഭാഗം ഈ നീക്കം കണ്ടെത്തി കമ്പ്യൂട്ടർ മാറ്റിയെങ്കിലും ഹാക്കർമാർക്ക് ജീവനക്കാരുടെയും വാലറ്റ് വികസന സംഘത്തിന്റെയും ചില വിവരങ്ങൾ ലഭിച്ചിരുന്നതായി കമ്പനി അറിയിച്ചു.

സെപ്റ്റംബറിൽ വ്യാജ ജോലി അഭിമുഖത്തിലൂടെ മറ്റൊരു ജീവനക്കാരന്റെ കമ്പ്യൂട്ടറിലും പ്രവേശനം നേടിയ ഹാക്കർമാർ ഒക്ടോബർ 20-ന് ബിനാൻസിന്റെ ആഭ്യന്തര AI ടൂളിന്റെ സഹായത്തോടെ മറ്റ് എൻജിനീയർമാരുടെ കമ്പ്യൂട്ടറുകളിലേക്കും കടന്നു. തുടർന്ന് മോഷ്ടിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വാലറ്റ് സംവിധാനങ്ങളിൽ അനധികൃത ഇടപാടുകൾ നടത്തുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ കോടികളുടെ ക്രിപ്റ്റോ കൈമാറ്റം

ഒക്ടോബർ 29-നാണ് വലിയ തോതിലുള്ള ക്രിപ്റ്റോ കൈമാറ്റം നടന്നത്. ബിനാൻസിന്റെ അഞ്ച് ഇന്റർനെറ്റ് ബന്ധിത വാലറ്റുകളിൽനിന്ന് 233.46 ദശലക്ഷം XRP വെറും നാല് മിനിറ്റിനുള്ളിൽ കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പിന്നീട് മറ്റ് ക്രിപ്റ്റോകറൻസികളും അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടു.

വലിയ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ബിനാൻസ് ചില ആസ്തികൾ മരവിപ്പിക്കുകയും പിൻവലിക്കൽ നടപടികൾ താൽക്കാലികമായി നിയന്ത്രിക്കുകയും ചെയ്തു. എന്നാൽ ആക്രമണം തടയുന്നതിനുള്ള അനുമതികൾ പിൻവലിക്കാൻ പ്രത്യേക നടപടിക്രമങ്ങൾ തയ്യാറാക്കേണ്ടിവന്നതിനാൽ ഹാക്കർമാരുടെ നീക്കം പൂർണമായി തടയാൻ വൈകിയതായി കമ്പനി അറിയിച്ചു. ഏകദേശം 2.85 ബില്യൺ ഡോളറിന്റെ ആസ്തികൾ മരവിപ്പിക്കാനോ തടയാനോ കഴിഞ്ഞതായും ബിനാൻസ് വ്യക്തമാക്കി.

98 ശതമാനം ആസ്തികളും പുനഃസ്ഥാപിച്ചതായി ബിനാൻസ്

ആക്രമണത്തെ തുടർന്ന് ഉപഭോക്താക്കളുടെ ഫണ്ടുകൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ബിനാൻസ് അറിയിച്ചു. ബാധിക്കപ്പെട്ട ക്രിപ്റ്റോ ടോക്കണുകളുടെ ഏകദേശം 98 ശതമാനവും കമ്പനിയുടെ സ്വന്തം ഫണ്ടുകൾ ഉപയോഗിച്ച് പുനഃസ്ഥാപിച്ചതായാണ് വിശദീകരണം. ശേഷിക്കുന്നവയും നികത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരെ ഉൾപ്പെടുത്തി സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു. AI അടിസ്ഥാനമാക്കിയുള്ള സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളിലും കൂടുതൽ നിക്ഷേപം നടത്തും.

ഉത്തര കൊറിയയുടെ പങ്കിനെച്ചൊല്ലി തർക്കം

ആക്രമണത്തിന് പിന്നിൽ ഉത്തര കൊറിയയുമായി ബന്ധമുള്ള ‘ട്രേഡർ ട്രെയ്റ്റർ’ (TraderTraitor) എന്ന ഹാക്കിങ് സംഘമാണെന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ. എന്നാൽ ഉത്തര കൊറിയ ഈ ആരോപണം നിഷേധിച്ചു. ആരോപണം രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രതികരിച്ചത്.

വ്യാജ റിക്രൂട്ട്മെന്റ്, മാൽവെയർ, AI സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയിലൂടെ നടന്ന ആക്രമണം ക്രിപ്റ്റോകറൻസി മേഖലയിലെ സൈബർ സുരക്ഷാ ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!