ഷാര്‍ലറ്റ്ടൗണ്‍: പ്രീമിയര്‍മാരുടെ മൂന്ന് ദിവസം നീളുന്ന വാര്‍ഷിക ഉച്ചകോടി പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ആരംഭിച്ചു. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുക പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക ആശങ്കകളോടെയാണ് ഇത്തവണത്തെ യോഗം ചേരുന്നത്.
വ്യാഴാഴ്ച പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഉച്ചകോടിയുടെ ഭാഗമാകും. ഉച്ചകോടിയുടെ ആദ്യദിനത്തില്‍ പ്രീമിയര്‍മാര്‍ തദ്ദേശീയ (ഇന്‍ഡിജീനസ്) നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആഭ്യന്തര വ്യാപാര തടസ്സങ്ങള്‍ നീക്കുക, തൊഴിലവസരങ്ങളും നിക്ഷേപവും ഉറപ്പാക്കുന്ന വന്‍കിട റോഡ്, ഊര്‍ജ്ജ, ഖനന പദ്ധതികള്‍ വേഗത്തിലാക്കുക എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

അതേസമയം, കാനഡയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 30 ദിവസത്തിനകം 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് തിങ്കളാഴ്ചയാണ് ട്രംപ് ഉത്തരവിട്ടത്. പ്രാദേശികമായ മദ്യ നിയന്ത്രണങ്ങള്‍, ക്ഷീരമേഖലയിലെ ക്വോട്ട നിര്‍ണ്ണയം തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ നടപടി. ഇത് കാനഡയുടെ ഉരുക്ക്, അലുമിനിയം, വനവിഭവങ്ങള്‍ തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കും.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തെ വികസന പദ്ധതികള്‍ അതിവേഗം നടപ്പിലാക്കണമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ആവശ്യപ്പെട്ടു. ആഭ്യന്തര വ്യാപാര നിയന്ത്രണങ്ങള്‍ നീക്കണമെന്നും രാജ്യത്തിന്റെ ഊര്‍ജ്ജ വിപണി ശക്തിപ്പെടുത്തണമെന്നും ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയല്‍ സ്മിത്തും വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നുള്ള വ്യാപാര ഭീഷണിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മാനിറ്റോബ പ്രീമിയര്‍ വബ് കിന്യൂ അഭിപ്രായപ്പെട്ടു. ഇതിനൊപ്പം ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും ഫണ്ട് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സി.യു.എസ്.എം.എ (CUSMA) വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നും മോശം കരാറിലേര്‍പ്പെടുന്നതിനേക്കാള്‍ നല്ലത് കരാര്‍ ഇല്ലാതിരിക്കുന്നതാണെന്നും ബി.സി പ്രീമിയര്‍ ഡേവിഡ് എബി ഓര്‍മ്മിപ്പിച്ചു.
