Wednesday, July 22, 2026

ഇറാൻ ആക്രമണങ്ങൾക്ക് റഷ്യൻ പിന്തുണയോ? സിഐഎ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ അന്വേഷണം

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സിഐഎ (CIA) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയ്ക്ക് പങ്കുണ്ടോയെന്ന സംശയത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനായി റഷ്യ ലക്ഷ്യസ്ഥാന വിവരങ്ങളോ കൂടുതൽ കൃത്യതയുള്ള ഡ്രോൺ സാങ്കേതികവിദ്യയോ നൽകിയിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം.

അമേരിക്കൻ ദേശീയ സുരക്ഷാ വിഷയങ്ങളിൽ അറിവുള്ള നാല് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റഷ്യൻ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല. എന്നാൽ ആക്രമണങ്ങളുടെ കൃത്യതയും ഫലപ്രാപ്തിയും, ഇറാനുമായുള്ള റഷ്യയുടെ സാങ്കേതിക സഹകരണവും അന്വേഷണത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

മാർച്ചിൽ സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കൻ എംബസിക്കുള്ളിലെ സിഐഎ സ്റ്റേഷനും കിഴക്കൻ ഇറാഖിലെ മറ്റൊരു സിഐഎ കേന്ദ്രവും ഡ്രോൺ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി ചില വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസിയുടെ ഒരു ആഭ്യന്തര വിലയിരുത്തൽ റിപ്പോർട്ടിൽ, മേഖലയിലെ സിഐഎ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ റഷ്യയ്ക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തിയതെന്ന് വിഷയവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, റിയാദിലെ ആക്രമണത്തിൽ റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഇറാന്റെ ഷഹീദ് (Shahed) ഡ്രോണുകളായിരിക്കാം ഉപയോഗിച്ചത്. ഒരു ഡ്രോൺ എംബസിയുടെ പുറംഭാഗത്ത് ദ്വാരം സൃഷ്ടിച്ച ശേഷമാണ് രണ്ടാമത്തെ ഡ്രോൺ അതിലൂടെ അകത്ത് കടന്ന് പൊട്ടിത്തെറിച്ചതെന്നാണ് അവരുടെ വിലയിരുത്തൽ. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇറാന്റെ ഷഹീദ്-136 ഡ്രോണുകളുടെ കൃത്യത വർധിപ്പിക്കാൻ റഷ്യ Kometa-M എന്ന ഉപഗ്രഹ നാവിഗേഷൻ സംവിധാനം നൽകിയിട്ടുണ്ടെന്നാണ് മറ്റൊരു വൃത്തം വ്യക്തമാക്കുന്നത്. ഇറാൻ വികസിപ്പിച്ച സംവിധാനത്തേക്കാൾ കൃത്യതയേറിയതും തടസ്സപ്പെടുത്താൻ പ്രയാസമുള്ളതുമാണ് ഇത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു. റഷ്യ ഈ സാങ്കേതികവിദ്യ നൽകിയെന്ന റിപ്പോർട്ടുകൾ ക്രെംലിൻ മുമ്പ് നിഷേധിച്ചിരുന്നു.

അതേസമയം, ഇറാൻ റഷ്യ നൽകിയ ലക്ഷ്യസ്ഥാന വിവരങ്ങളാണ് ഉപയോഗിച്ചതോയെന്ന കാര്യത്തിലും അമേരിക്കൻ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥർ, അമേരിക്കൻ എംബസിയെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്നും അതിനിടെ സിഐഎ സ്റ്റേഷൻ ആക്രമണത്തിനിരയായിരിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

മോസ്കോയും ടെഹ്റാനും തമ്മിലുള്ള അടുത്ത തന്ത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ, സിഐഎ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ റഷ്യ ഇറാനെ സഹായിച്ചിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുൻ സിഐഎ സ്റ്റേഷൻ മേധാവി ഡാനിയൽ ഹോഫ്മാൻ അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!