ഓട്ടവ: ലിബറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്‍കൂര്‍ വിരമിക്കല്‍ പദ്ധതിക്ക് (Early Retirement Incentive Program) മികച്ച പ്രതികരണം. പെന്‍ഷന്‍ വെട്ടിക്കുറവുകളില്ലാതെ ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതിക്കായി ഇതുവരെ ഒന്‍പതിനായിരത്തിലധികം (9,000) ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അപേക്ഷ നല്‍കി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ട്രെഷറി ബോര്‍ഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ജൂലൈ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 9,141 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 6,581 അപേക്ഷകള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചതിനെ തുടര്‍ന്ന് അംഗീകരിച്ചു. 25 അപേക്ഷകള്‍ നിരസിക്കപ്പെട്ടു. അപേക്ഷ അംഗീകരിക്കപ്പെട്ട ജീവനക്കാര്‍ 2027 ജനുവരി 20-ഓടെ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ഏകദേശം 68,000 പബ്ലിക് സര്‍വീസ് ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിരുന്നു. സാധാരണയായി നിശ്ചിത പ്രായത്തിന് മുന്‍പ് വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷനില്‍ ഓരോ വര്‍ഷത്തിനും 5 ശതമാനം വീതം സ്ഥിരമായ കുറവ് വരുത്താറുണ്ട്. എന്നാല്‍ ഈ പദ്ധതി വഴി സര്‍വീസ് കാലയളവ് അടിസ്ഥാനമാക്കിയുള്ള മുഴുവന്‍ പെന്‍ഷനും ആനുകൂല്യങ്ങളോടെ തന്നെ ജീവനക്കാര്‍ക്ക് ലഭിക്കും.

2029-ഓടെ ഫെഡറല്‍ സര്‍വീസില്‍ നിന്ന് 28,000 തസ്തികകള്‍ വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 12,000 സാധാരണ തസ്തികകളും 350 എക്‌സിക്യൂട്ടീവ് തസ്തികകളും മുന്‍കൂര്‍ വിരമിക്കല്‍ പദ്ധതി വഴിയും സ്വാഭാവിക വിരമിക്കല്‍ വഴിയുമാണ് ഒഴിവാക്കുന്നത്.
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കണമെന്നില്ല. വകുപ്പ് മേധാവികള്‍ പരിശോധിച്ച്, ജീവനക്കാരന്‍ വിരമിക്കുന്നത് വഴി സേവനങ്ങളെ ബാധിക്കില്ലെന്നും സ്ഥാപനത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നും ഉറപ്പുവരുത്തിയാല്‍ മാത്രമേ വിരമിക്കലിന് അന്തിമ അനുമതി നല്‍കുകയുള്ളൂ.
