മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. 1945-ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം.
പ്രാഥമിക വിദ്യാഭ്യാസം പിതാമഹൻ കുന്നത്ത് ആലി ഹാജിയിൽ നിന്നാരംഭിച്ച അദ്ദേഹം 1952-ൽ ദർസ് പഠനരംഗത്തേക്ക് പ്രവേശിച്ചു. പെരിന്തൽമണ്ണ സൈതാലി മുസ്‌ലിയാർ, വളപുരം കെ ടി മുഹമ്മദ് മുസ്‌ലിയാർ, കായി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാർ എന്നിവരുടെ കീഴിൽ ദർസ് പഠനം നടത്തി. തുടർന്ന് 1964-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനത്തിന് ചേർന്നു. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
1968-ൽ പഠനം പൂർത്തിയാക്കിയ ശേഷം മീനാർകുഴിയിലും പിന്നീട് ചെമ്മങ്കടവിലും മുദരിസായി സേവനമനുഷ്ഠിച്ചു. 1979-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ മുദരിസായി നിയമിതനായ അദ്ദേഹം 2003-ൽ കോളേജിന്റെ പ്രിൻസിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം മുതൽ കേരളത്തിലെ മത-വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായി. 2013-ൽ കാസർകോട് ജില്ലാ ഖാസിയായും നിയമിതനായി.
1986 മുതൽ സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം 1992 മുതൽ 2016 വരെ എസ്.വൈ.എസ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായും തുടർന്ന് 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനാകുന്ന ആദ്യ മന്ത്രിയല്ലാത്ത വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി മത-അക്കാദമിക് സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം ഇന്ത്യൻ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തു. മുസ്‌ലിം വേൾഡ് ലീഗിന്റെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 1978-ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയുടെ സിലബസ് രൂപീകരണ സമിതിയിലും അംഗമായിരുന്നു.
അൽ മുഅല്ലിം, അൽ നൂർ മാസികകൾ, സുന്നി അഫ്കാർ എന്നിവയുടെ ചീഫ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു. മതപഠനം, വിദ്യാഭ്യാസം, സംഘടനാപ്രവർത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിൽ നൽകിയ സംഭാവനകളിലൂടെ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ശ്രദ്ധേയനായി.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
