Saturday, August 1, 2026

‘പാറ്റ പരാമർശം യുവാക്കൾക്കെതിരെയല്ല, അവരോട് വലിയ ബഹുമാനം’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി ∙ കഴിഞ്ഞ മേയിൽ സുപ്രീം കോടതിയിൽ വാദത്തിനിടെ താൻ നടത്തിയ ‘പാറ്റ’ പരാമർശം രാജ്യത്തെ യുവാക്കൾക്കെതിരെയല്ല, മറിച്ച് വ്യാജ ബിരുദങ്ങൾ ഉപയോഗിച്ചു നിയമരംഗത്തേക്ക് കടന്നുകൂടിയവർക്കെതിരെ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. വ്യാജ ബിരുദങ്ങളുടെ അടിസ്ഥാനത്തിൽ പിൻവാതിലിലൂടെ നിയമരംഗത്തേക്ക് പ്രവേശിച്ച അഭിഭാഷകരെക്കുറിച്ചാണ് താൻ സംസാരിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുൻപ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ തന്നെ വ്യാജ നിയമ ബിരുദധാരികളുടെ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അഭിഭാഷക വൃത്തിയെ ശുദ്ധീകരിക്കേണ്ടതിനെക്കുറിച്ച് സംസാരിച്ചത്. യാത്രകളിലുടനീളം നിരവധി യുവാക്കൾ തന്നെ വന്ന് കാണാറുണ്ടെന്നും, രാജ്യത്തെ യുവതലമുറയിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തെ യുവാക്കൾക്ക് ഭരണഘടനാപരമായോ അല്ലാതെയോ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, അത് പരിഹരിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. നിയമ വ്യവസ്ഥയിലൂടെ യുവാക്കളുടെ ഏത് ന്യായമായ ആവശ്യത്തിനും പരിഹാരം കാണാൻ കോടതി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.   മേയ് 15ന് നടന്ന ഒരു കേസിന്റെ വാദത്തിനിടെ, തൊഴിലില്ലാത്ത യുവ അഭിഭാഷകരെ പാറ്റകളോട് ഉപമിച്ചു എന്ന രീതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം പുറത്തുവന്നത്.

ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുകയും കോക്രോച്ച് ജനതാ പാർട്ടിയെന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഒരു വിഭാഗം മാധ്യമങ്ങൾ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് തൊട്ടടുത്ത ദിവസം ചീഫ് ജസ്റ്റിസ് പ്രസ്താവനയിറക്കിയിരുന്നു. വ്യാജ ബിരുദങ്ങളുമായി നിയമരംഗത്ത് മാത്രമല്ല, മറ്റ് മാന്യമായ തൊഴിലുകളിലും ആളുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അങ്ങനെയുള്ളവർ പരാന്നഭോജികൾ ആണെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ യുവത്വം വികസിത ഭാരതത്തിന്റെ തൂണുകളാണെന്നും, അവർക്ക് തന്നോടും തനിക്ക് അവരോടും വലിയ ബഹുമാനമാണുള്ളതെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വിവാദങ്ങൾക്ക് മറുപടി നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!