റോം: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ വച്ചായിരുന്നു രോഗബാധിതനായി ചികിത്സയിലായിരുന്ന ബറേസിയുടെ അന്ത്യം. തന്റെ പ്രൊഫഷണൽ കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം പന്തുകളിച്ച ‘വൺ ക്ലബ്ബ് മാൻ’ വിശേഷണത്തിന് അർഹനായ താരമാണ് ബറേസി. 1977 മുതൽ 1997 വരെയുള്ള ദീർഘമായ 20 വർഷക്കാലം എ സി മിലാന് വേണ്ടി മാത്രമാണ് ബറേസി കളത്തിലിറങ്ങിയത്.

കളിക്കളത്തിലെ അസാധാരണമായ ശാന്തതയും, കൃത്യതയാർന്ന ടാക്കിളുകളും, ലിബറോ പൊസിഷനിലെ തനതായ ശൈലിയും കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി. അര്‍ജന്റീനിയൻ ഫുട്ബോൾ ഇതിഹാസമായ ഡിയേഗോ മറഡോണ പോലും താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു.
