ഹാലിഫാക്‌സ്: കാനഡയിലെ നോവസ്‌കോഷ പവറിലെ (Nova Scotia Power Inc.) ആയിരത്തോളം വരുന്ന ഇലക്ട്രിക്കല്‍ ജീവനക്കാര്‍ പുതിയ തൊഴില്‍ കരാറിന് അംഗീകാരം നല്‍കിയതോടെ പണിമുടക്ക് ഒഴിവായി. ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ഇലക്ട്രിക്കല്‍ വര്‍ക്കേഴ്‌സ് (IBEW Local 1928) യൂണിയന്‍ അംഗങ്ങളാണ് കമ്പനി മുന്നോട്ടുവെച്ച പുതിയ കരാര്‍ നിര്‍ദ്ദേശം വോട്ടെടുപ്പിലൂടെ താല്‍ക്കാലികമായി അംഗീകരിച്ചത്.
ഈ ആഴ്ച ആദ്യം പണിമുടക്ക് ആരംഭിക്കുന്നതിനായി യൂണിയന്‍ 48 മണിക്കൂര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കുകയും പ്രതിഷേധ പരിപാടികള്‍ക്കായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ, എമേറ (Emera Inc.) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നോവ സ്‌കോഷ്യ പവര്‍ പുതിയൊരു വ്യവസ്ഥ യൂണിയന് മുന്നില്‍ വെക്കുകയായിരുന്നു.
കമ്പനി മുന്നോട്ടുവെച്ച നിര്‍ദ്ദേശപ്രകാരം, മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ ഓരോ വര്‍ഷവും 4 ശതമാനം വീതം വേതന വര്‍ധനയും ഒപ്പം കരാറില്‍ ഒപ്പുവെക്കുന്ന ജീവനക്കാര്‍ക്ക് 1,000 ഡോളര്‍ സിങിള്‍ സൈനിങ് ബോണസും വാഗ്ദാനം ചെയ്തു. ഇതിനുപുറമെ തൊഴില്‍ അന്തരീക്ഷവും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ആരംഭിച്ച വോട്ടെടുപ്പ് വെള്ളിയാഴ്ചയോടെയാണ് പൂര്‍ത്തിയായത്. യൂണിയന്‍ അംഗങ്ങള്‍ ഒത്തൊരുമയോടെ കരാറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിനെ ബിസിനസ് മാനേജര്‍ ജെയിംസ് സ്‌പോണാഗിള്‍ അഭിനന്ദിച്ചു. ജീവനക്കാരുടെ ഐക്യവും സഹകരണവുമാണ് മികച്ചൊരു കരാറിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
