Monday, August 3, 2026

കാട്ടുതീ ഫ്രാന്‍സില്‍ നിന്ന് ഗ്രീസിലേക്ക് പടരുന്നു; ആശങ്ക

പാരിസ്: ഫ്രാന്‍സിനെ ആകെ പ്രതിസന്ധിയിലാക്കിയ കാട്ടുതീ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടരുന്നു. ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്ക് കാട്ടുതീ വ്യാപിച്ചത് വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും തീ തല്‍ക്കാലം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെങ്കിലും ഗ്രീസില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ തുറമുഖ നഗരമായ ബോര്‍ഡോയ്ക്ക് സമീപമുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ മൂവായിരത്തോളം അഗ്‌നിശമന സേനാംഗങ്ങളാണ് രംഗത്തുള്ളത്. സുരക്ഷ മുന്‍നിര്‍ത്തി രണ്ടു ലക്ഷത്തിലധികം ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഗിരന്‍ഡെ മേഖലയില്‍ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 420 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഫ്രഞ്ച് സേനയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി യുക്രെയ്ന്‍, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും ഉടന്‍ എത്തും. അതേസമയം, രാജ്യത്തെ വാര്‍ മേഖലയിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത് ആശ്വാസമായിട്ടുണ്ട്.

ശക്തമായ കാറ്റാണ് ഗ്രീസില്‍ കാട്ടുതീ വേഗത്തില്‍ പടരാന്‍ കാരണം. തലസ്ഥാനമായ ആതന്‍സിന് 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള പോര്‍ട്ടോ ജെര്‍മെനോയിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്. തീ ഏതു ദിശയിലേക്കാണ് വ്യാപിക്കുന്നതെന്ന് പ്രവചിക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ചൂടും വരള്‍ച്ചയുമാണ് ഈ വേനല്‍ക്കാലത്ത് യൂറോപ്പ് നേരിടുന്നത്. മഴയുടെ കുറവും ശക്തമായ ഉഷ്ണക്കാറ്റും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു. കടുത്ത ഉഷ്ണതരംഗം മൂലം ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു മേഖലകളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് യൂറോപ്പില്‍ താപനില ഉയരുന്നതെന്നും ഇത് ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രതിഫലനമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!