തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ചിരുന്ന വിചാരണക്കോടതി മാറ്റിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പ്രതിഭാഗത്തിന്റെ താൽപ്പര്യപ്രകാരമാണ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇതുമൂലം വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്കയുണ്ടെന്നും, നേരത്തെ കേസ് പരിഗണിച്ചിരുന്ന തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിലേക്ക് കേസ് തിരിച്ചുമാറ്റണമെന്നുമാണ് ജസീല ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യമായ പരിചയസമ്പത്തില്ലെന്നും, കേസ് ഫലപ്രദമായി നടത്താൻ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ആറ് വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ സാക്ഷിയായ സെയ്ഫുദ്ദീൻ, അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണെന്ന് കോടതിയിൽ മൊഴിനൽകി. അപകടസമയത്ത് കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും ഉണ്ടായിരുന്നുവെന്നും, ഇത് അപകടത്തിന് ദൃക്സാക്ഷികളായവർ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
2019 ആഗസ്റ്റ് 3-ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം പബ്ലിക് ഓഫീസ് പരിസരത്ത് ഉണ്ടായ വാഹനാപകടത്തിൽ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ മരിച്ചത്. കേസിലെ ഏക പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബഷീറിനെ ഇടിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
