തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്കബാധിത മേഖലകളില്‍ ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായത്. അതേസമയം കോഴിക്കോട് മലയോര മേഖലയിലും കണ്ണൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
പത്തനംതിട്ടയിലെ ആറന്മുളയില് ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിലെ ജനവാസ മേഖലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളും വ്യാപാരസ്ഥാപനങ്ങളും സാധാരണ നിലയിലാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. ആലപ്പുഴയിലെ ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് മേഖലകളിലും വ്യാപകമായി വെള്ളക്കെട്ട് നിലനില്ക്കുന്നു. ആലപ്പുഴ-ചങ്ങനാശേരി എ.സി. റോഡിലും കോട്ടയം എം.സി. റോഡിലെ നാഗമ്പടം ഭാഗത്തും വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് കാര്യമായി താഴാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ വെള്ളക്കെട്ടില്‍ വീണും കോട്ടയം മണര്‍കാട് ഭാഗത്ത് ഒഴുക്കില്‍പ്പെട്ടും രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് പെരുവയലില്‍ വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഹനീഫയുടെ മൃതദേഹവും കണ്ടെത്തി.
