വാഷിങ്ടണ്‍: വിദേശ രാജ്യങ്ങളിലെ നയതന്ത്ര സാന്നിധ്യം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിര്‍ദേശം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് യുഎസ് കോണ്‍ഗ്രസിന് കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി നയതന്ത്ര സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
കാനഡയിലെ വിനിപെഗ്, ജപ്പാനിലെ നഗോയ, ഇന്തോനേഷ്യയിലെ മേദാന്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ഗ്രനേഡയിലെ യുഎസ് എംബസിയും കാമറൂണിലെ എംബസി ബ്രാഞ്ച് ഓഫീസുമാണ് അടച്ചുപൂട്ടാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഭൗമരാഷ്ട്രീയ പ്രതിസന്ധികളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍, ഒറ്റയടിക്ക് ഇത്രയധികം വിദേശ മിഷനുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് യുഎസ് നയതന്ത്ര ചരിത്രത്തില്‍ അപൂര്‍വ്വമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

ചില ചെറിയ വിദേശ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സാമ്പത്തികമായി വലിയ ലാഭകരമല്ലെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഈ നടപടി ആഗോളതലത്തില്‍ അമേരിക്കയ്ക്കുള്ള നയതന്ത്ര സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കളും മുന്‍ നയതന്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് സാന്നിധ്യം കുറയുന്നത് ചൈന ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.
