വന്‍കൂവര്‍: ബിസിയിലെ ‘വെസ്റ്റ് കോസ്റ്റ് പൈപ്പ്ലൈന്’ പദ്ധതി റദ്ദാക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോടും ആല്‍ബര്‍ട്ട സര്‍ക്കാരിനോടും ആവശ്യപ്പെട്ടു ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍. ഫോസില്‍ ഇന്ധന വ്യവസായം വികസിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതിദുരന്തങ്ങളെയും കൂടുതല്‍ രൂക്ഷമാക്കുമെന്ന് ദ്ദേശീയ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയന് ഓഫ് ബ്രിട്ടീഷ് കൊളംബിയ ഇന്ത്യന്‍ ചീഫ്സ് (UBCIC) മുന്നറിയിപ്പ് നല്കുന്നു.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കും ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിനും അയച്ച കത്തിലാണ് സംഘടന ഈ നിലപാട് വ്യക്തമാക്കിയത്. ‘ഫോസില്‍ ഇന്ധന ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യത്തുടനീളം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കടുത്ത കാട്ടുതീ, വന്‍ വെള്ളപ്പൊക്കം, സമുദ്രനിരപ്പ് ഉയരല്‍ എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നമ്മള് ഇതിനകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ പുതിയ ഫോസില്‍ ഇന്ധന പദ്ധതിയും ഈ പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുക മാത്രമേയുള്ളൂ,’ എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടിഷ് കൊളംബിയയില്‍ നൂറിലധികം കാട്ടുതീ പടര്‍ന്നുപിടിക്കുകയും വന്‍കൂവറിന് കിഴക്കുള്ള രണ്ട് പ്രദേശങ്ങളില്‍ നിന്ന് 25,000-ത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ പ്രവിശ്യാ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കത്ത് അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര തദ്ദേശീയ ദിനത്തില്‍ പ്രസിദ്ധീകരിച്ച ഈ സന്ദേശത്തിലൂടെ, തദ്ദേശീയ ജനവിഭാഗങ്ങളുമായി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ കൂടിയാലോചനകളോ സഹകരണമോ നടത്തിയിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.

ആല്‍ബര്‍ട്ടയിലെ ബ്രൂഡര്ഹൈമില് നിന്ന് ബി.സിയിലെ ഡെല്‍റ്റ വരെയുള്ള ഏകദേശം 1,250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്ലൈന് വഴി പ്രതിദിനം 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിദേശ വിപണികളിലേക്ക് കയറ്റി അയക്കാനാണ് ലക്ഷ്യമിടുന്നത്. ബില്‍ഡിങ്് കാനഡ ആക്ട് പ്രകാരം ഈ പദ്ധതിക്ക് ‘ദേശീയ പ്രാധാന്യമുള്ള പദവി’ (national interest designation) നല്കാന് ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത് വേഗത്തിലുള്ള അനുമതികള്‍ ലഭിക്കാനും ചില പരിസ്ഥിതി നിയമങ്ങളെ മറികടക്കാനും സഹായിക്കും. എന്നാല്‍ നിര്‍ദ്ദിഷ്ട കാര്‍ബണ്‍ സംഭരണ പദ്ധതിയായ ‘പാത്ത്വേസിന്’ (Pathways) തടയാന്‍ കഴിയുന്നതിനേക്കാള്‍ വലിയ അളവിലുള്ള കാര്‍ബണ്‍ പുറന്തള്ളലിന് പുതിയ പൈപ്പ്ലൈന് വഴിവെക്കുമെന്ന് കനേഡിയന്‍ ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
