മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള ചരക്ക് വ്യാപാരം സുഗമമാക്കാന്‍ പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നത് റഷ്യയുടെ പരിഗണനയില്‍. യുദ്ധസാഹചര്യങ്ങളെയും സുരക്ഷാ ഭീഷണികളെയും തുടര്‍ന്ന് ഹോര്‍മൂസ്, തുര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കുകള്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കി സുരക്ഷിതമായ വ്യാപാരം ഉറപ്പാക്കുകയാണ് ഈ പുതിയ പാതയിലൂടെ റഷ്യ ലക്ഷ്യമിടുന്നത്.
റഷ്യന്‍ ഉപപ്രധാനമന്ത്രി മരറ്റ് ഖുസ്‌നലിന്‍ ഒരു അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് ഈ നിര്‍ദ്ദിഷ്ട റെയില്‍പാത ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയുമായുള്ള ക്രൂഡ് ഓയില്‍ വില്‍പ്പനയും ഊര്‍ജ്ജ വ്യാപാരവും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം.

തന്ത്രപ്രധാനമായ ഹോര്‍മൂസ് പാത അടച്ചതോടെ ആഗോളതലത്തില്‍ എണ്ണ വ്യാപാരത്തില്‍ 25 ശതമാനവും എല്‍എന്‍ജി വ്യാപാരത്തില്‍ 20 ശതമാനവും ഇടിവ് സംഭവിച്ചിരുന്നു. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ ബദല്‍ കരമാര്‍ഗ്ഗം സഹായിക്കുമെന്നാണ് റഷ്യന്‍ വിലയിരുത്തല്‍. നിലവില്‍ ഒരു നിര്‍ദ്ദേശം എന്ന നിലയിലാണ് റഷ്യ ഈ പദ്ധതിയെ മുന്നോട്ടുവെച്ചിട്ടുള്ളത്. റെയില്‍പാതയുടെ ആകെ ദൈര്‍ഘ്യം, നിര്‍മ്മാണച്ചെലവ് രാജ്യങ്ങള്‍ പങ്കിടുന്ന രീതി, പദ്ധതി കമ്മീഷന്‍ ചെയ്യുന്ന സമയപരിധി തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനങ്ങള്‍ ആയിട്ടില്ല.
