Tuesday, August 11, 2026

യുദ്ധക്കുറ്റങ്ങള്‍; മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന് വധശിക്ഷ

ഡമാസ്‌കസ്: സിറിയയില്‍ 14 വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന് സിറിയന്‍ കോടതി വധശിക്ഷ വിധിച്ചു. അസദിന്റെ അസാന്നിധ്യത്തിലാണ് കോടതി വധശിക്ഷ വിധിച്ചത്. അദ്ദേഹത്തിന് പുറമെ സിറിയന്‍ സൈന്യത്തിന്റെ മുന്‍ മേധാവിയും അസദിന്റെ ഇളയ സഹോദരനുമായ മഹര്‍ അല്‍ അസദിനും വധശിക്ഷ വിധിചിട്ടുണ്ട്.

തെക്കന്‍ പ്രവിശ്യയായ ദാറായിലെ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയതിന് അസദിന്റെ ബന്ധുവും മുന്‍ സിറിയന്‍ ആര്‍മി ബ്രിഗേഡിയര്‍ ജനറലുമായ ആതിഫ് നജീബിനും ഇതേ കേസില്‍ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അസദിന്റെ ഭരണകാലത്ത് ദാറാ പ്രവിശ്യയിലെ പൊളിറ്റിക്കല്‍ സെക്യൂരിറ്റി ബ്രാഞ്ച് മേധാവിയായിരുന്നു ഇദ്ദേഹം. 2011-ല്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത് ദറായിലെ സംഘര്‍ഷങ്ങളായിരുന്നു. 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊലപ്പെടുത്തിയതിനും ക്രൂരപീഡനങ്ങള്‍ക്കും നജീബ് ഉത്തരവാദിയാണെന്ന് വിചാരണവേളയില്‍ കോടതി വ്യക്തമാക്കി.

2024 ഡിസംബറില്‍ വിമത സേന തലസ്ഥാനമായ ഡമാസ്‌കസ് വളഞ്ഞതോടെ അസദും സഹോദരനും കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അസദ് ഭരണം തകര്‍ന്നതിനെത്തുടര്‍ന്ന് അല്‍ ഖായിദ മുന്‍ കമാന്‍ഡര്‍ അഹമ്മദ് അല്‍ ഷറയുടെ നേതൃത്വത്തിലാണ് സിറിയയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. തുടര്‍ന്ന് സിറിയയില്‍ തന്നെ തുടര്‍ന്ന ആതിഫ് നജീബിനെ തടവിലാക്കുകയും വിചാരണയ്ക്ക് വിധേയനാക്കുകയുമായിരുന്നു. പുതിയ ഇടക്കാല ഭരണകൂടത്തിന് കീഴില്‍ അസദിനും കുടുംബത്തിനും എതിരെ വരുന്ന ആദ്യത്തെ നിര്‍ണായകമായ കോടതി വിധിയാണിത്.

ഹാഫിസ് അസദും തുടര്‍ന്ന് മകന്‍ ബഷാര്‍ അല്‍ അസദുമായി 50ലധികം വര്‍ഷക്കാലമാണ് സിറിയ ഭരിച്ചത്. ഇവരുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ 2011-ലെ അറബ് വസന്തകാലത്ത് വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അത് രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് വഴിവെക്കുകയുമായിരുന്നു. 13 വര്‍ഷം നീണ്ടുനിന്ന കൊടുമ്പിരിക്കൊണ്ട ആഭ്യന്തര യുദ്ധത്തില്‍ 5 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!