ഓട്ടവ : കാനഡയിലെ ആകാശനിരീക്ഷകർക്ക് അപൂർവമായ ആകാശവിസ്മയങ്ങൾക്ക് സാക്ഷിയാകാനുള്ള അവസരം. ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായപ്പോൾ, വാർഷിക പെർസീഡ് ഉൽക്കാവർഷവും ഈ ആഴ്ച അതിന്റെ ഉച്ചസ്ഥിതിയിലെത്തി.
മാരിടൈം പ്രവിശ്യകൾ, ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളിൽ ഭാഗിക സൂര്യഗ്രഹണം കാണാനായി. എന്നാൽ ഗ്രഹണത്തിന്റെ സമയവും സൂര്യന്റെ എത്ര ശതമാനം ചന്ദ്രൻ മറയ്ക്കുമെന്നതും ഓരോ പ്രദേശത്തും വ്യത്യസ്തമായിരുന്നു.

കാനേഡിയൻ സ്പേസ് ഏജൻസിയുടെ വിശദീകരണമനുസരിച്ച്, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുകയും സൂര്യന്റെ ഒരു ഭാഗം മറയ്ക്കുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്. പ്രത്യേക ഗ്രഹണ കണ്ണടകൾ ഉപയോഗിച്ചുമാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ, അല്ലാത്തപക്ഷം കണ്ണിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കാം.

ന്യൂഫിൻലൻ്റിലെ സെന്റ് ജോൺസിൽ ഗ്രഹണത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ സൂര്യന്റെ 53 ശതമാനത്തിലധികം ഭാഗം ചന്ദ്രൻ മറച്ചതായി റിപ്പോർട്ടുണ്ട്. ഷാർലറ്റ്ടൗണിലും ഹാലിഫാക്സിലും ഏകദേശം 30 ശതമാനം വരെ സൂര്യൻ മറഞ്ഞു.

അതേസമയം, ഈ ആഴ്ച ഉച്ചസ്ഥിതിയിലെത്തുന്ന പെർസീഡ് ഉൽക്കാവർഷവും കാനഡയിലെ ആകാശനിരീക്ഷകർക്ക് മറ്റൊരു മനോഹര കാഴ്ച സമ്മാനിച്ചു. സൂര്യഗ്രഹണവും ഉൽക്കാവർഷവും ഒരേ കാലയളവിൽ എത്തിയതോടെ ആകാശപ്രേമികൾക്ക് ശ്രദ്ധേയമായൊരു വാനനിരീക്ഷണ അനുഭവമാണ് ലഭിച്ചത്.
