ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപകനാശം. ദിബാങ് മാലിയിലെ പാസുപാനി ആർമി ക്യാമ്പ് മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയതിനെ തുടർന്ന് അഞ്ച് സൈനികരെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്. കാണാതായ സൈനികർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
പാസുപാനി ആർമി ക്യാമ്പിലെ അഞ്ചാം ഗ്രനേഡിയർ വിഭാഗത്തിന്റെ രണ്ട് ക്യാമ്പുകളാണ് ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്. ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഹവിൽദാർ ഉപേന്ദർ, കുന്ദൻ, വിനോദ്, ആദിത്യ, സമുന്ദ എന്നിവരെയാണ് കാണാതായത്.
സൈനികരുടെയും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളുടെയും നേതൃത്വത്തിലാണ് കാണാതായവർക്കായി തിരച്ചിൽ നടക്കുന്നത്. അഞ്ചാം ഗ്രനേഡിയർ വിഭാഗത്തിന്റെ രണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലിൽ നാല് നിർമാണ തൊഴിലാളികളെയും കാണാതായിരുന്നു. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടത്. ഇതിൽ ബാബുൽ അലിയുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ ദുരന്തനിവാരണ അധികൃതർ അറിയിച്ചു.

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ 58-ാം ബറ്റാലിയൻ, ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിന്റെ 62 റോഡ് കൺസ്ട്രക്ഷൻ കമ്പനി, അരുണാചൽ പ്രദേശ് പൊലീസ്, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.
പ്രളയത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്ത് ഇതുവരെ പത്ത് പേർ മരിച്ചതായാണ് ദുരന്തനിവാരണ വകുപ്പിന്റെ കണക്ക്. വ്യാപകമായ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. 235 റോഡുകളും 40 പാലങ്ങളും 373 കുടിവെള്ള വിതരണ പദ്ധതികളും പ്രളയത്തിൽ തകർന്നതായി അധികൃതർ അറിയിച്ചു.
അരുണാചലിലെ വിവിധ മേഖലകളിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കും വെല്ലുവിളികൾ നേരിടുന്നുണ്ട്. കാണാതായ സൈനികരെയും മറ്റ് തൊഴിലാളികളെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
