തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ പത്ത് വര്‍ഷം എല്‍ഡിഎഫ് കേരളത്തില്‍ സ്വീകരിച്ചത് തല ഉയര്‍ത്തിപ്പിടിച്ചുള്ള നിലപാടുകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും കേരളത്തില്‍ മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.
മഴയെ ചൂണ്ടിക്കാട്ടി വിവിധ മേഖലകളിലെ വീഴ്ചകള്‍ ന്യായീകരിക്കുകയാണെന്ന് റിയാസ് ആരോപിച്ചു. മഴ കാരണമാണ് റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നതെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. പകര്‍ച്ചവ്യാധികള്‍ക്ക് കാരണം മഴയാണെന്ന് ആരോഗ്യമന്ത്രിയും പറയുന്നു. മഴയില്ലാത്തതിനാലാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നതെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ വാദമെന്നും അദ്ദേഹം വിമര്‍ശിച്ചു.

വൈദ്യുതി മേഖലയിലെ സര്‍ക്കാരിന്റെ മിസ് മാനേജ്മെന്റാണ് നിലവിലെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മുമ്പ് സമാനമായ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് പരിഹരിച്ചിരുന്നു. കേരളത്തിന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കര്‍ണാടകയ്ക്ക് വൈദ്യുതി ലഭിച്ചതെന്നും അതേസമയം കേരളത്തിന് എന്തുകൊണ്ട് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വൈദ്യുതി നിയന്ത്രണത്തെ തുടര്‍ന്ന് രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടുവെന്നും ഇവര്‍ വൈദ്യുതി മേഖലയിലെ വി.ഡി. സതീശന് സര്‍ക്കാരിന്റെ മിസ് മാനേജ്മെന്റിന്റെ രക്തസാക്ഷികളാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
